പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നതിനാൽ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ഐടിസി ഫുഡ് ഡിവിഷന് ശിക്ഷ വിധിച്ചത്. ഐടിസിയുടെ സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റിൻ്റെ പാക്കറ്റിൽ 16 ബിസ്കറ്റിനു പകരം 15 ബിസ്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരാതിയിൽ തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടേതായിരുന്നു നിർദ്ദേശം.

പരസ്യത്തിൽ 16 ബിസ്കറ്റുകൾ ഒരു പാക്കറ്റിലുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും 15 എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്ന് പരാതിക്കാരൻ പറഞ്ഞു. ഇത് കോടതി അംഗീകരിച്ചു. എണ്ണമല്ല, തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന കമ്പനിയുടെ വാദം കോടതി തള്ളി. ബിസ്‌കറ്റിന്റെ എണ്ണം പാക്കറ്റിൽ പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കൾ കാണുന്നതെന്നും കോടതി നിലപാടെടുത്തു. ഇത് നോക്കിയാണ് പലരും ഉത്പന്നം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ്. ഇത് തെറ്റായ കച്ചവട രീതിയാണെന്നും കോടതി കുറ്റപ്പെടുത്തി. ഈ ബാച്ചിലുള്ള ബിസ്കറ്റ് വില്പന നിർത്തിവെക്കണമെന്നും കോടതി നിർദേശം നൽകി.

 

കമ്പനിക്ക് നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ഇത് പെരുപ്പിച്ച തുകയാണെന്നും ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റിൽ പങ്കില്ലാത്തതിനാൽ അയാൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.

2021 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. മണാലിയിലെ ഒരു കടയിൽ നിന്ന് പരാതിക്കാരൻ ‘സൺ ഫീസ്റ്റ് മാരി ലൈറ്റ്’ ബിസ്കറ്റിൻ്റെ 24 പാക്കറ്റുകൾ വാങ്ങി. ഇതിലെ ഒരു പാക്കറ്റിൽ 15 ബിസ്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. വിശദീകരണം തേടി ഐടിസിയെ സമീപിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അതുകൊണ്ട് പരാതിനൽകുകയായിരുന്നു എന്നും ദില്ലിബാബു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *