ന്യൂമോണിയ കുറഞ്ഞു: ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല

തിരുവനന്തപുരം: ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയയും പനിയും കുറഞ്ഞിട്ടുണ്ട്, ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർപറഞ്ഞു.

ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളിൽ തന്നെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയാണുണ്ടായത്. ന്യുമോണിയ കുറഞ്ഞു. പനിയും ശ്വാസതടസവും ഭേദമായി. കുടുംബാംഗങ്ങളോട് ഉമ്മൻ ചാണ്ടി സംസാരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രക്തത്തിലെ ഓക്സിജൻ അളവ് നിയന്ത്രിക്കാൻ ഘടിപ്പിച്ച ഉപകരണവും രാവിലെ മാറ്റി. തുടർ ചികിത്സക്കായി ബംഗളൂരുവിലേക്ക് ഉടൻ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം.

അതേസമയം സംസ്ഥാന സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ ബോർഡ് ഇന്നലെ ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തി. ഇവരുടെ നിർദേശം കൂടി പാലിച്ചാണ് ഇപ്പോഴത്തെ ചികിത്സ. ഉമ്മൻ ചാണ്ടി സന്തോഷവാനാണെന്ന് ആശുപത്രിയിൽ കാണാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *