ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം കുട്ടികളിൽ പോഷകാഹാരക്കുറവെന്ന് മന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളിൽ 1,01,586 പേർ ഭാരക്കുറവുള്ളവരാണെന്നും സർക്കാർ വ്യക്തമാക്കി.
കോൺഗ്രസ് എം.എൽ.എമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വനിത -ശിശുവികസന മന്ത്രി ഭാനുബെൻ ബബാരിയയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആദിവാസികൾ കൂടുതലുള്ള നർമദ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള കുട്ടികൾ, 12,494. സൂറത്തിൽ 6,967, ഭാറൂച്ചിൽ 5,863 കുട്ടികളുമുണ്ട്. ഭാരക്കുറവുള്ള കുട്ടികളിൽ 24,121 പേർ തീരെ ഭാരമില്ലാത്തവരാണ്.
പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.