നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് 65 ദലിത്, ആദിവാസി സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് 65ലധികം ദലിത്, ആദിവാസി സംഘടനകൾ. ഇടതുപക്ഷ സർക്കാറിന്‍റെ വികസന പദ്ധതികൾ ആദിവാസി, ദലിത് വിഭാഗങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അവഗണിക്കുന്നതായി ആരോപിച്ചാണ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്) ബുധനാഴ്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനെ പിന്തുണക്കുമെന്ന് അറിയിച്ചു. വിഴിഞ്ഞം തുറമുഖം, ദേശീയ പാതകൾ, തുരങ്ക പാതകൾ എന്നിവ പോലുള്ള വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ കൊണ്ട് ദലിതുകൾ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, താഴ്ന്ന വരുമാനക്കാർ എന്നിവർ ഉൾപ്പെടുന്ന സാധാരണ നികുതിദായകർക്ക് യാതൊരു പ്രയോജനവുമില്ലെന്ന് എ.ഡി.എഫ് വിമർശിച്ചു. സംസ്ഥാനത്തിന്റെ മൊത്തം ബജറ്റിന്റെ ഏഴിലൊന്ന് മാത്രം വരുന്ന പ്ലാൻ ഫണ്ടിന്റെ വെറും 10 ശതാമനം മാത്രമാണ് എസ്.സി/എസ്.ടി വികസനത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നും അതിന്റെ ഗണ്യമായ ഒരു ഭാഗം ഉപയോഗിക്കാതെ കിടക്കുകയാണെന്നും എ.ഡി.എഫ് വർക്കിങ് പ്രസിഡന്റ് കെ. അമ്പുജാക്ഷൻ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ എസ്.സി/എസ്.ടി ക്ഷേമത്തിനായി നീക്കിവെച്ച 7,411 കോടി രൂപ പാഴായിപ്പോയതായും ഇത് അവരുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ചതായും അദ്ദേഹം ആരോപിച്ചു. ഇ-ഗ്രാന്റ് വിതരണത്തിലെ കാലതാമസം കാരണം ഏകദേശം 150 എസ്.സി/എസ്.ടി വിദ്യാർഥികൾ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ഏകദേശം 65 എസ്.സി/എസ്.ടി സംഘടനകളെ പ്രതിനിധീകരിക്കുന്ന സംയുക്ത വേദിയായ എ.ഡി.എഫ്, ഇടതുഭരണം തുടരുന്നത് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ നിലനിൽപ്പിനും ക്ഷേമത്തിനും ഭീഷണിയാകുമെന്ന ആശങ്ക ഈ സമൂഹങ്ങൾക്കിടയിൽ വളർന്നുവരുന്നതായും വ്യക്തമാക്കി.
ഇ-ഗ്രാന്റുകൾ കുടിശ്ശിക കൂടാതെ വിതരണം ചെയ്തുവെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ അവകാശവാദം സംഘടന നിഷേധിച്ചു. കോളനികൾക്ക് “ഉന്നതി” എന്ന് പുനർനാമകരണം ചെയ്തതുകൊണ്ട് മാത്രം യഥാർഥ മാറ്റം ഉണ്ടായിട്ടില്ലെന്ന് എ.ഡി.എഫ് ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആരോപിച്ചു. ഭൂരഹിതർക്കായി കേന്ദ്ര സർക്കാർ അനുവദിച്ച 19,000 ഏക്കർ ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ല. ലൈഫ് ഭവന പദ്ധതിക്ക് കീഴിലുള്ള ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം എസ്.സി/എസ്.ടി വിഹിതത്തിൽനിന്ന് വരുന്നുണ്ടെങ്കിലും ഈ സമൂഹങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾ തുടർന്നും അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
