പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി; കേസ് ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെ

 

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ഫീസ് കുടിശികയിനത്തിലെ അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്‍റെ റവന്യു റിക്കവറി കുടിശിക ഇനത്തിൽ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്. ഈ മാർച്ച് 31 വരെയാണ് ലൈസൻസ് പുതുക്കിയിട്ടുള്ളത്.

 

പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ലൈസൻസ് പുതുക്കി നൽകിയത്. കുട്ടികളുടെ പാർക്കിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളതെന്നും യന്ത്രങ്ങൾ പ്രവർത്തിക്കാനോ റൈഡുകൾക്കോ അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

 

കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി. രാജനാണ് പാർക്കിനെതിരെ ഹൈകോടതിയെ സമീപിച്ചത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് ഹരജിക്കാരന്‍റെ പരാതി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

 

പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിന് ലൈസൻസില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈകോടതിയിൽ പറഞ്ഞത്.

 

ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ പിന്നെങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈകോടതി, വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈകോടതി സർക്കാറിനു നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *