പാലക്കാട് സ്കൂളിലെ സ്ഫോടനം; ബിജെപി പ്രവർത്തകൻ സുരേഷ് പ്രതിയാണെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍
പാലക്കാട്: പാലക്കാട് കല്ലേക്കാട് ബിജെപി പ്രവർത്തകൻ സുരേഷ് മൂത്താൻതറ വ്യാസവിദ്യാപീഠം സ്കൂളിലെ സ്ഫോടനത്തിൽ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് എഫ്ഐആര്‍. സുരേഷിന്റെ വീട്ടിൽനിന്ന് പിടിച്ചത് മനുഷ്യജീവൻ അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കളാണെന്നും എഫ്ഐആറിൽ പറയുന്നു. കല്ലേക്കാട് സ്വദേശി നൗഷാദ് , പൂളക്കാട് സ്വദേശി ഫാസിൽ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മിച്ച 12 സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തുക്കൾ കൃത്രിമമായി നിർമിക്കാൻ ഉപയോഗിക്കുന്ന നൂലുകൾ , പ്ലാസ്റ്റിക് കവറുകൾ , ടാപ്പുകൾ എന്നിവയും പിടികൂടിയിരുന്നു.
സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. സുരേഷിന് ലൈസന്‍സ് ഇല്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബ് കണ്ടെത്തിയത്.