‘സൈന്യം ഞങ്ങളുടെ തുണിയുരിഞ്ഞു, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ചു’ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ വിവരിച്ച് ഫലസ്തീനി വനിത

 

യുദ്ധത്തിന്റെ മറവിൽ ഫലസ്​തീനി വനിതകൾക്ക് നേ​രെ ഇസ്രായേൽ സൈന്യം ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. അൽ ജസീറയാണ് ഗസ്സയിലെ സ്ത്രീകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ പുറത്ത് വിട്ടത്.

ഡിസംബർ 19 ന് ഇസ്രായേൽ സേന നടത്തിയ കൂട്ടക്കൊലയിൽ ഉമ്മു ഒദൈ സലിമിന്റെ ഭർത്താവടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ ​ഇസ്രായേൽ സൈന്യം കൊല്ലുന്നതിന് മുമ്പ് ക്രൂരമായ ലൈംഗികാതിക്രമത്തിനാണ് താനും പെൺമക്കളും ഇരയായതെന്ന് ഉമ്മു ഒദൈ സലിം വിവരിക്കുന്നു.

ഇസ്രായേൽ സൈന്യം തകർത്ത വീടിനുള്ളിൽ രക്തക്കറകൾ ഇനിയും ഉണങ്ങിയട്ടില്ല.​ചുമരുകളിലെയും സ്റ്റെപ്പുകളിലെയും രക്തക്കറകൾ ആ വീടിനുള്ളിൽ നടന്ന ക്രൂരതകൾ വിവരിക്കുന്നുണ്ട്.ദുരന്ത ഭൂമിപോലെയുള്ള ആ വീടിനുള്ളിലിരുന്നാണ് മുറിവുണങ്ങാത്ത ഉമ്മു ഒദൈ സംസാരിക്കുന്നത്. ക്രൂരമായ വേട്ടയാടലുകളുണ്ടായി ഒന്നരമാസം പിന്നിട്ടിട്ടും പെൺകുട്ടികളുടെ മുഖത്തും കൈകളിലും ഇസ്രായേൽ ക്രൂരതകൾ മായാതെ തെളിഞ്ഞു നിൽപ്പുണ്ട്.

എന്നെയും എന്റെ​ പെൺമക്കളെയും സൈന്യം ക്രൂരമായി മർദിച്ചു. സ്ത്രീകളെ മാത്രം ഒരിടത്തേക്ക് ഭീഷണിപ്പെടുത്തി മാറ്റി നിർത്തി. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തു. എന്നിട്ട് തുണിയുരിഞ്ഞു പരിശോധിക്കുകയും അശ്ലീല വാക്കുകളാൽ അധി​ക്ഷേപിക്കുകയും ചെയ്തു. പേരുകൾ ഉറക്കെപറഞ്ഞ് വീഡിയോകൾ ചിത്രീകരിച്ചു. സിവിലിയൻമാരാണെന്ന് കരഞ്ഞുപറഞ്ഞിട്ടും അതൊന്നും ക്രൂരന്മാരായ സൈന്യം ചെവിക്കൊണ്ടില്ല. ഞങ്ങളെ തേടിയെത്തിയ പുരുഷന്മാരെ കൊല്ലാനായി അവർ പുറത്തേക്ക് പോയി. അവരെ​യെല്ലാം കൊന്നതിന് ശേഷം അപ്പാർട്ട്മെന്റിന് തീയിടുകയും ചെയ്തു ഉമ്മു ഒദൈ പറഞ്ഞു.

ഉമ്മയെയും കൊണ്ട് ഞങ്ങൾ ഓടിരക്ഷപ്പെട്ടതുകൊണ്ട് മാത്രമാണ് ചിലർക്കെങ്കിലും ജീവൻ തിരിച്ചുകിട്ടിയതെന്ന് ഉമ്മു ഒദൈയുടെ ജീവിച്ചിരിക്കുന്ന മകളിലൊരാൾ പറഞ്ഞു. സൈന്യം ഞങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിനിടയിൽ മൂന്ന് വയസുകാരിയായ സഹോദരി നദയുടെ തലക്ക് പരിക്കേറ്റു. വേദന കൊണ്ടവൾ കരഞ്ഞു. കുടിക്കാൻ കുറച്ചുവെള്ളം ചോദിച്ചെങ്കിലും അതുപൂർത്തിയാക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല, അതിന് മുമ്പ് തന്നെ അവളുടെ ശ്വാസം നിലച്ചിരിന്നു. സൈന്യം കൊന്ന് കളഞ്ഞതാണ് എന്റെ നദയെ അവളുടെ സഹോദരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *