കുടുംബം തകർക്കുന്നരെ ജനത്തിന് ഇഷ്ടമല്ല; എന്റെ അനുഭവമാണ്-അജിത് പവാർ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലെയ്ക്കെതിരെ ബാരാമതിയിൽ ഭാര്യ സുനേത്രയെ സ്ഥാനാർഥിയാക്കിയതിൽ തെറ്റുപറ്റിയെന്നു കുറ്റസമ്മതവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. കുടുംബം തകർക്കുന്നത് ജനം ഇഷ്ടപ്പെടില്ല. താനത് അനുഭവിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതാണെന്നും എൻസിപി നേതാവ് പറഞ്ഞു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് സുപ്രിയയ്ക്കെതിരെ ഭാര്യയെ ഇറക്കിയതിൽ അജിത് പരസ്യമായി കുറ്റസമ്മതം നടത്തുന്നത്.Ajit Pawar
ഗഡ്ചിറോളിയിൽ എൻസിപി ജനസമ്പർക്ക യാത്രയിൽ സംസാരിക്കുകയായിരുന്നു അജിത് പവാർ. മഹാരാഷ്ട്ര മന്ത്രിയും അജിത് പക്ഷം നേതാവുമായ ധർമറാവു ബാബാ ആത്രമിന്റെ മകൾ ഭാഗ്യശ്രീ ശരത് പവാർ വിഭാഗത്തിലേക്കു കൂടുമാറിയേക്കുമെന്ന വാർത്തകൾ സൂചിപ്പിച്ചായിരുന്നു അജിത് സ്വന്തം അനുഭവം വിവരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗഡ്ചിറോളിയിലെ ആഹേരിയിൽ ധർമറാവുവിനെതിരെ ശരത് പവാർ എൻസിപി സ്ഥാനാർഥിയായി ഭാഗ്യശ്രീ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
സ്വന്തം പിതാവിനെക്കാളേറെ മകളെ സ്നേഹിക്കുന്നവർ ആരുമുണ്ടാകില്ലെന്നായിരുന്നു വാർത്തകളോട് പ്രതികരിച്ച് അജിത് പവാർ പറഞ്ഞത്. താങ്കളെ എപ്പോഴും പിന്തുണച്ചയാളാണ് പിതാവ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി വരെ നൽകി. എന്നിട്ടിപ്പോൾ അതേ സ്വന്തം പിതാവിനെതിരെയാണ് താങ്കൾ മത്സരിക്കാൻ നിൽക്കുന്നത്. ഇതു ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കണമെന്ന് അജിത് പറഞ്ഞു.
പിതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിനു വേണ്ട എല്ലാ പിന്തുണയും നൽകുകയാണു വേണ്ടത്. അദ്ദേഹത്തിനു മാത്രമാണ് ഈ മേഖലയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള കരുത്തും ഇച്ഛാശക്തിയുമുള്ളത്. സ്വന്തം കുടുംബം തകർക്കുന്നവരെ സമൂഹം ഒരിക്കലും ഇഷ്ടപ്പെടില്ല. കുടുംബം തകർക്കുന്ന പരിപാടിയാണ് നിങ്ങൾ ചെയ്യുന്നത്. ഇതു ജനം ഇഷ്ടപ്പെടില്ല. ഇത് ഞാനും അനുഭവിച്ചതാണ്. ആ കുറ്റം ഞാൻ ഏറ്റുപറയുകയും ചെയ്തിട്ടുണ്ടെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽനിന്ന് ഒരു കൂട്ടം എംഎൽഎമാരുമായി ബിജെപി സഖ്യത്തിൽ ചേർന്ന ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് അജിത് പവാർ നേരിട്ടത്. ആകെ ഒരു സീറ്റിൽ മാത്രമാണ് അജിത് എൻസിപിക്ക് വിജയിക്കാനായത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എട്ട് സീറ്റിൽ വിജയിക്കുകയും ചെയ്തു. ബാരാമതിയിൽ ഒന്നര ലക്ഷത്തോളം വോട്ടിനാണ് സുനേത്രയെ സുപ്രിയ സുലെ തോൽപിച്ചത്.