‘മന്ത്രിയുടെ കമന്‍റിനോട് ജനം പ്രതികരിച്ചു’; കാണികൾ കുറഞ്ഞതിൽ മന്ത്രിക്കെതിരെ കെ.സി.എ
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ വീണ്ടും മന്ത്രിക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ. കെ.സി.എ ആണ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയില്ല. സർക്കാർ സംഘടിപ്പിക്കുന്നതാണെന്നാണ് ധാരണ. മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നെഗറ്റീവ് കമന്‍റ് ഉണ്ടായപ്പോൾ മത്സരം ബഹിഷ്കരിക്കാനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ അങ്ങനെ ഉണ്ടായതാണെന്നും കെ.സി.എ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു.
‘മികച്ച മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. നമുക്കൊരിക്കലും ഗവർമെന്‍റിനെയോ മന്ത്രിയെയോ കുറ്റം പറയാൻ പറ്റില്ല. ഗവർമെന്‍റും കോർപറേഷനും നമുക്ക് ഒരുപാട് സഹായം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരു കാമ്പയിൻ നടന്നു മത്സരം ബഹിഷ്കരിക്കാൻ. സർക്കാർ നടത്തുന്ന മത്സരമായാണ് ആളുകൾ കാണുന്നത്. അതിൽ അങ്ങനെ ഒരു കമന്‍റ് വരുമ്പോൾ ആളുകൾ പ്രതികരിക്കും. പണക്കാരന്‍റെ കളി എന്ന് ക്രിക്കറ്റിന് അല്ലെങ്കിൽ തന്നെ ഒരു പേരുണ്ടല്ലോ’ -ജയേഷ് ജോർജ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിന് കുറഞ്ഞ കാണികൾ മാത്രമാണുണ്ടായിരുന്നത്. ടിക്കറ്റിന് വിനോദനികുതി കൂട്ടിയതിൽ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, ‘പട്ടിണി കിടക്കുന്നവർ കളി കാണണ്ട’ എന്ന കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയരുകയും സമൂഹമാധ്യമങ്ങളിൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനവും ഉയർന്നിരുന്നു.