പ്രായമുള്ളൊരാൾ ‘ഒന്നു ചിരിച്ചേ’ എന്നു പറഞ്ഞു, ആ പ്രഷറിൽ അങ്ങനെ ചിരിച്ചു, അല്ലാതെ കളിയാക്കിയതല്ല”; വിസ്ഡം പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പെരിന്തൽമണ്ണ സി.ഐ

പെരിന്തൽമണ്ണ: വിസ്ഡം സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോൺഫറൻസ് നിർത്തിവെപ്പിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരൻ.

 

“രാത്രി 10 മണിവരെയാണ് പരിപാടിക്ക് പെർമിഷൻ ഉണ്ടായിരുന്നത്. സമീപത്ത് നിരവധി ആശുപത്രികൾ ഉള്ളത് കൊണ്ട് സമയക്രമം കൃത്യമായി പാലിക്കണമെന്ന് സംഘാടകരോട് പറഞ്ഞതാണ്. സംഘാടകർ പറഞ്ഞത് 9.30ന് പരിപാടി നിർത്തുമെന്നായിരുന്നു. 9.25 ന് അവരെ വിളിച്ച് പരിപാടി നിർത്താൻ ഓർമിപ്പിച്ചു. പത്ത് മണിയായും നിർത്താതെ വന്നതോടെ 10.6ന് വീണ്ടും അവരെ വിളിച്ചു. 10.10 പിന്നെയും വിളിച്ചു. എന്നിട്ടും നിർത്താതെ വന്നതോടെയാണ് നേരിട്ട് ചെന്ന് നിർത്താൻ ആവശ്യപ്പെട്ടത്. അവര് പറയുന്നത് പോലെ മൂന്ന് മിനിറ്റൊന്നുമല്ല. 10.20നാണ് പരിപാടി നിർത്തുന്നത്. പിന്നീട് നിർദേശം കൊടുക്കാനെന്ന പേരിൽ മൈക്ക് ഉപയോഗിച്ചിരുന്നു. അത്രയും ആളുകൾ ഉള്ളത് കൊണ്ട് അനുവദിക്കുകയും ചെയ്തു.

 

അതിന് ശേഷം തിരിച്ചിറങ്ങി വരുന്ന സമയത്താണ് ഒരു പ്രായമുള്ളൊരാൾ വിഡിയോ എടുക്കുന്നത് കണ്ടത്. ഞങ്ങൾ കടന്നുപോകുമ്പോഴാണ് ഒന്നു ചിരിച്ചേ എന്നു അവർ പറയുന്നത്. നമ്മൾ അത്രേയും സമർദത്തിൽ ജോലി ചെയ്യുന്നതായത് കൊണ്ടാണ് ആ രീതിയിൽ ചിരിച്ചത്. അല്ലാതെ, അത് കളിയാക്കിയതോ മോശമായി ആക്രോഷിച്ചതോ അല്ല. സ്വാഭാവിക പ്രതികരണമാണ്. അതിന് ശേഷം അവരുടെ പരിപാടി കഴിഞ്ഞ നഗരത്തിലെ ബ്ലോക് കഴിയുമ്പോൾ ഒന്നര മണിയായി കാണും. ഞങ്ങൾ നിയമപരമായി കാര്യങ്ങളേ ചെയ്തുള്ളൂ. എന്നിട്ടും ചില മാനുഷിക ഇളവുകളൊക്കെ കൊടുത്തിരുന്നു. അതാണ് പൊലീസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുന്നത്.’ -സി.ഐ സുമേഷ് സുധാകരൻ പറഞ്ഞു.

 

അതേസമയം, വിഷയത്തിൽ പൊലീസ് നടപടിക്കെതിരെ യു.ഡി.എഫ് നേതാക്കൾ വ്യാപക രംഗത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷ ഹാൻഡിലുകളിൽ സി.ഐക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്ത േമഖലകളിൽ ഓടിയെത്തി ആളുകളെ രക്ഷപ്പെടുത്തുന്ന സി.ഐയുടെ ചിത്രങ്ങൾ പങ്കുവെച്ച് നീതി ബോധത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന് നേരെ യു.ഡി.എഫ് രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിക്കുന്നുവെന്നാണ് പരാതി.

 

ഞായറാഴ്ച രാത്രിയാണ് വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *