‘പരിസ്ഥിതി അനുമതി റദ്ദാക്കണം…’; വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹരജി നൽകി. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത്. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.
നേരത്തെ, തുരങ്കപാതക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. തുരങ്കപാത നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാറിന് അനുമതിയും നൽകി.
