കോടതിവിധിക്ക് പിന്നാലെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജി

ന്യൂഡൽഹി: ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷക്കപ്പെട്ടാൽ ഉടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഗവേഷക വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ആഭാ മുരളീധരൻ ആണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന് 2013-ലെ ലില്ലി തോമസ് കേസിലാണ് സുപ്രിംകോടതി വിധിച്ചിരുന്നത്. ഈ വിധിയുടെ പുനഃപരിശോധനയാണ് തന്റെ ഹരജിയിലൂടെ ആഭാ മുരളീധരൻ ലക്ഷ്യമിടുന്നത്.

ഹീനമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണമെന്നായിരുന്നു ലില്ലി തോമസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹീനമായ കുറ്റകൃത്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിയമം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *