പ്ലസ് വൺ സീറ്റ് വിഷയം; സർക്കാർ മർക്കടമുഷ്ടി വെടിയണം – ഒ.പി.എം അഷ്‌റഫ്
മാവൂർ: മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ മർക്കടമുഷ്ടി ഉപേക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റി മാവൂരിൽ സംഘടിപ്പിച്ച പെൻ പ്രൊട്ടസ്റ്റ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ കാലങ്ങളായുള്ള ഈ ആവശ്യത്തിനെതിരെ സാമ്പത്തിക പരാധീനത പറഞ്ഞു മുഖം തിരിക്കുന്ന സർക്കാർ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. സർക്കാർ മന്ദിരങ്ങളും വാഹനങ്ങളും മോടിപിടിപ്പിക്കാനുള്ള ജാഗ്രത വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും കാണിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മാവൂർ പെട്രോൾ പമ്പ് പരിസരത്തു നിന്ന് പ്രകടനത്തോടെ ആരംഭിച്ച പരിപാടി അങ്ങാടിയിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു. മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം, ട്രഷറർ റഊഫ് മലയമ്മ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ കരീം നിസാമി, ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, അബ്ബാസ് റഹ്‌മാനി, അബ്ദുറഹ്മാൻ ഫൈസി, ശുകൂർ പാറമ്മൽ സഫറുള്ള കൂളിമാട്, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, അനസ് കൽപള്ളി നേതൃത്വം നൽകി.