അജി കൃഷ്ണനെതിരെ പോക്സോ ആരോപണം, എച്ച്.ആർ.ഡി.എസിനുമെതിരെ ഗുരുതര പരാതികൾ; ‘ജീവനക്കാരിയെ ദുരുപയോഗം ചെയ്തു, എഫ്.സി.ആർ.എ ലൈസൻസ് ഇല്ല’
ന്യൂഡൽഹി: മലയാളികളായ അജി കൃഷ്ണനും ബിജു കൃഷ്ണനും നടത്തുന്ന വിവാദ എൻ.ജി.ഒ ആയ എച്ച്.ആർ.ഡി.എസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ. ജീവനക്കാരന്റെ 11 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നും പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കിയെന്നും കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ എച്ച്.ആർ.ഡി.എസ് കൈകലാക്കിയെന്നും ആരോപിച്ചു. അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ നൽകിയ പരാതിയിൽ അജി കൃഷ്ണനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന പൊലീസ് അറിയിച്ചു
മുൻ കേന്ദ്രമന്ത്രി ഡോ. എസ്. കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും അജി കൃഷ്ണനാണെന്നും എച്ച്ആർഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തെന്നും ഇദ്ദേഹം ആരോപിച്ചു. എച്ച്.ആർ.ഡി.എസിന് എഫ്.സി.ആർ.എ ലൈസൻസ് ഇല്ലെന്നും മുൻ ജീവനക്കാരൻ പറയുന്നു.
‘എച്ച്.ആർ.ഡി.എസിന് ബിജെപി, ആർഎസ്എസ്, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവയുമായി ബന്ധമുണ്ടെന്നത് വ്യാജ അവകാശവാദമാണ്. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാൻ 25 ലക്ഷം രൂപ ചെലവാക്കി. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവ ഉപയോഗിച്ചത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പേര് ദുരുപയോഗം ചെയ്തു. ശശി തരൂരിന് പ്രഖ്യാപിച്ച സവർക്കറുടെ പേരിലുള്ള അവാർഡിന് തരൂരിനെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും വരാമെന്ന് ഉറപ്പുനൽകിയിരുന്നില്ല. പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിലും തട്ടിപ്പ് നടത്തി. ഒരു ലക്ഷത്തോളം വീടുകൾ നിർമിക്കും എന്ന് വ്യാജ വാഗ്ദാനം നൽകി നൂറോളം വീടുകളുടെ പണി മാത്രമാണ് തുടങ്ങിയത്’ -അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് എച്ച്.ആർ.ഡി.എസിന്റെ അവകാശവാദം. പരാതിക്കാരൻ ഗൂഡാലോചന നടത്തിയ വിവരം ലഭിച്ചതായി എച്ച്.ആർ.ഡി.എസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു, അഡ്മിൻ സരിത പി. മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ‘എച്ച്.ആർ.ഡി.എസിന് വിദേശ ഫണ്ട് കിട്ടുന്നുണ്ട്. വ്യവസ്ഥാപിതമായ രീതിയിലാണ് പോകുന്നത്. എഫ്.സി.ആർ.എ ലൈസൻസ് പുതുക്കാൻ നൽകിയിരിക്കുകയാണ്. സന്നദ്ധ സംഘടന എന്ന രീതിയിൽ ചെയ്യേണ്ടതാണ് ചെയ്യുന്നത്. കേന്ദ്ര മാർഗ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ അജി കൃഷ്ണനെതിരായുള്ള പരാതി കേരളത്തിലെ വൈറൽ വിവാഹവുമായി ബന്ധപ്പെട്ട വിവാദം മറയ്ക്കാനുള്ള കരുക്കൂട്ടിയുള്ള നീക്കമാണ്’ -ബിജു കൃഷ്ണൻ ആരോപിച്ചു.
