പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; കാണാതായ നിരോധിത ലഹരി ചാക്കുകൾ കണ്ടെത്തി

സുൽത്താൻ ബത്തേരി (വയനാട്): ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്കോളം വരുന്ന തൊണ്ടിമുതലായ നിരോധിത ലഹരി വസ്തുക്കൾ മോഷണം പോയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സബിത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്. കാണാതായ ലഹരി വസ്തുക്കൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് ലഹരി ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. കേസ് എടുത്തതിന് പിറ്റേദിവസം പുലർച്ചെയാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ച ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്നും ആരൊക്കെ സബിത്തിനെ സഹായിച്ചിട്ടുണ്ടെന്നും കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 10നാണ് വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതലായി പിടികൂടിയ നിരോധിത ലഹരി വസ്തുക്കൾ മോഷണം പോയത്. സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷൻ പരിസരത്തും മുറികളിലും വിശദമായി തിരച്ചിൽ നടത്തിയെങ്കിലും തൊണ്ടിമുതലുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന്, സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിപിഒ സബിത്ത് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്നും കടത്തിയതെന്ന് സ്ഥിരീകരിച്ചു. ജൂലായ് 18ന് രാത്രി സ്റ്റേഷനിലെ ജനറൽ ഡ്യൂട്ടി ചുമതല സബിത്തിനായിരുന്നു. ജൂലൈ 19ന് പുലർച്ചെ ഒരു മണിയോടെ താക്കോൽ ഉപയോഗിച്ച് സ്റ്റോർ റൂം തുറന്ന ശേഷം തന്റെ കാറിലേക്ക് തൊണ്ടിമുതൽ ചാക്കുകൾ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ലീവ് എടുത്ത് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശ്ശേരിയിൽനിന്നാണ് പൊലീസ് പിടികൂടിയത്.