മയക്കുമരുന്ന് കുറഞ്ഞ അളവിലായാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം -ഹൈകോടതി; ‘ലഹരിക്കെതിരെ പ്രതിരോധമല്ല, അതിനെ തകർക്കുന്ന സമീപനമാണ് വേണ്ടത്’



കൊച്ചി: കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും കാപ്പ നിയമപ്രകാരം പ്രതികളെ കരുതൽ തടങ്കലിൽ വെക്കാമെന്ന് ഹൈകോടതി. മയക്കുമരുന്ന് കേസിനെ നിസ്സാരമായി കാണാനാകില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ചെറിയ അളവിലുള്ള ഉപയോഗംപോലും മരണമടക്കം വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരിൽ കേരള സാമൂഹിക വിരുദ്ധ പ്രവർത്തന നിയന്ത്രണ നിയമ (കാപ്പ) പ്രകാരം തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുൻഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് വിധി.

വാണിജ്യ ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കേസിൽ മാത്രമേ ‘മയക്കുമരുന്ന് കുറ്റവാളി’യായി കണക്കാക്കാനാകൂ എന്നാണ് 2024 ൽ സുഹാന കേസിലെ ഹൈകോടതി ഫുൾ ബെഞ്ചിന്റെ വിധി. ഈ വിലയിരുത്തൽ തള്ളിയ വിശാല ബെഞ്ച്, മയക്കുമരുന്നിന് അടിമകളായവരെയും രസത്തിന് ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ തകർക്കാനുള്ള ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹം നിരന്തരം സ്വീകരിക്കേണ്ടത്.

ലഹരി ഉപയോഗത്തിന്റെ ഭീകരതയെ ചെറുക്കാൻ ഒരേപോലെ പ്രവർത്തിക്കുന്നതാണ് എൻ.ഡി.പി.എസ് ആക്ടും കാപ്പ നിയമവും. ലഹരിക്കെതിരെ പ്രതിരോധമല്ല, അതിനെ തകർക്കുന്ന സമീപനമാണ് വേണ്ടത്. ചെറിയ അളവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ഉദാര സമീപനം സ്വീകരിച്ചാൽ ഈ ലക്ഷ്യം നേടാനാവില്ല. കാപ്പ നിയമ പ്രകാരം പരമാവധി ഒരുവർഷം വരെയാണ് തടവ്. മയക്കുമരുന്നു കേസിൽ രണ്ടാമതും പിടിയിലായാൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ലഭിക്കുന്ന തടവ് ശിക്ഷയേക്കാൾ കുറവാണിത്. അതേസമയം, ആദ്യമായി മയക്കുമരുന്നുമായി പിടിയിലാകുന്നവരെ മതിയായ ചികിത്സ ഉറപ്പാക്കി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.