സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

 

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ(സി.എ.എ) പൂജാരിമാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരം നൽകിയതായി റിപ്പോർട്ട്. അപേക്ഷകന്റെ മതം സ്ഥിരീകരിക്കുക പൂജാരിമാരാകും. ‘ദ ഹിന്ദു’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സി.എ.എ ഹെൽപ്‌ലൈനിൽനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സി.എ.എ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഈ യോഗ്യതായ സർട്ടിഫിക്കറ്റും നിർബന്ധമായും അറ്റാച്ച് ചെയ്യണം. ഇതോടൊപ്പം സത്യവാങ്മൂലവും മറ്റു രേഖകളും ഹാജരാക്കണം. ഇന്ത്യൻ പൗരത്വം ആവശ്യപ്പെടാനുള്ള കാരണവും അപേക്ഷയോടൊപ്പം ബോധിപ്പിക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ മാതൃക ആവശ്യപ്പെട്ടപ്പോഴാണ് സി.എ.എ ഹെൽപ്‌ലൈൻ നമ്പറിൽനിന്നു കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ടിൽ പറയുന്നു. ഒഴിഞ്ഞ പേപ്പറിലോ ജുഡീഷ്യൽ പേപ്പറിലോ 10 രൂപയുടെ സ്റ്റാംപോടെ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഏതെങ്കിലും പ്രാദേശിക പൂജാരിയിൽനിന്ന് അംഗീകാരം വാങ്ങാമെന്നും അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ശക്തമായ വിമർശനത്തിനും കോടതി നടപടികൾക്കുമിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോകുന്നത്. മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനു പിന്നാലെ പൗരത്വത്തിനായി അപേക്ഷിക്കാനായി indiancitizenshiponline.nic.in എന്ന പേരിൽ പൗരത്വത്തിന് അപേക്ഷിക്കാനായി മന്ത്രാലയം പോർട്ടലും CAA 2019 എന്ന പേരിൽ ആപ്ലിക്കേഷനും ആരംഭിച്ചിരിക്കുകയാണ്.

1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014നുമുൻപ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. 2016 ജൂലൈയിലാണ് ആദ്യമായി ബിൽ ലോക്സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്സഭ പാസാക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നിരവധി ഹരജികൾ സുപ്രിംകോടതിക്കുമുന്നിലുണ്ട്. മുസ്‌ലിം ലീഗിന്റെ ഉൾപ്പെടെ 257 ഹരജികൾ കഴിഞ്ഞയാഴ്ച കോടതി പരിഗണിച്ചിരുന്നു. കേസിൽ കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം വിശദീകരണം നൽകാൻ സുപ്രിംകോടതി കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. ലീഗിനു പുറമെ ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, സോളിഡാരിറ്റി, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *