പ്രധാനമന്ത്രി രാജിവെച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല: പാർലമെന്റ് മന്ദിരത്തിന് തീയിട്ടു
കഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം രൂക്ഷമാകുന്നു. പാര്‍ലമെന്റിനകത്തേക്ക് കയറിയ പ്രക്ഷോഭകാരികള്‍ തീയടുകയും ചെയ്തു.
പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവയ്ക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്. വളപ്പിലെ ഒരു കെട്ടിടത്തിനാണ് തീയിട്ടത്. ഇവിടെ നിന്നും തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഭക്തപൂരിലെ ബാൽക്കോട്ട് പ്രദേശത്തുള്ള പ്രധാനമന്ത്രി ഒലിയുടെ വീടിനും പ്രകടനക്കാർ തീയിട്ടു.
സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടര്‍ന്ന് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കെ പി ശര്‍മ ഓലി കാഠ്മണ്ഡു വിട്ടുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.