യു.പിയില്‍ മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ വിഗ്രഹം തകര്‍ത്ത് പൂജാരി
ലഖ്‌നൗ: മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗണേശ വിഗ്രഹം തകര്‍ത്ത് പൂജാരി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗറിലാണു സംഭവം. സംഭവത്തില്‍ പൂജാരി ക്രിച്ച് റാമിനെതിരെ പൊലീസ് കേസെടുത്തതായാണു വിവരം.
കിഴക്കന്‍ യു.പിയിലെ സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ടൗളിഹവായില്‍ ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട ്‌ചെയ്തു. ഇവിടത്തെ ഗണേശ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. മന്നാന്‍, സോനു എന്നിങ്ങനെ രണ്ട് മുസ്‌ലിം യുവാക്കളാണു കൃത്യം നടത്തിയതെന്ന് ആരോപണവുമായി പൂജാരി പൊലീസില്‍ പരാതി നല്‍കി.
രണ്ടു പേരും തനിക്കുനേരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും പരാതിയില്‍ പൂജാരി ആരോപിച്ചിരുന്നു. ക്ഷേത്രത്തില്‍ പൂജാ കര്‍മങ്ങ ള്‍ തടയുമെന്നു പറഞ്ഞിരുന്നതായും വാദമുണ്ടായിരുന്നു. തന്റെ ഭാര്യയെ ഇവര്‍ ആക്രമിച്ചതായും പൂജാരിയായ ക്രിച്ച് റാം ആരോപിച്ചിരുന്നു.
എന്നാല്‍, കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ വിഗ്രഹം തകര്‍ത്തത് താന്‍ തന്നെയാണെന്ന് പൂജാരി പൊലീസിനോട് സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കത്തേല സമയ്മാതാ പൊലീസ് നിയമനടപടി ആരംഭിച്ചതായാണു വിവരം. വിഷയത്തെ ഗൗരവത്തോടെയാണു കാണുന്നതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദര്‍വേഷ് കുമാര്‍ അറിയിച്ചു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തിയിരുന്നു. പൂജാരി വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതു കണ്ട കുട്ടികള്‍ തങ്ങള്‍ക്കു മൊഴി നല്‍കിയിരുന്നുവെന്നും തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
എട്ടും പത്തും വയസിനിടയില്‍ പ്രായം വരുന്ന നാല് കുട്ടികള്‍ സംഭവസമയത്ത് ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൂജാരി വിഗ്രഹം തകര്‍ക്കുന്നത് തങ്ങള്‍ കണ്ടെന്ന് ഇവര്‍ പൊലീസിനു മൊഴിനല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പൂജാരി കുറ്റം സമ്മതിക്കുകയായിരുന്നു.