പി വി അന്‍വര്‍ ജയില്‍ മോചിതന്‍; മാലയിട്ടും പൊന്നാടയണിയിച്ചും സ്വീകരിച്ച് പ്രവര്‍ത്തകര്‍

PV Anwar released from jail; activists welcome him with garlands and gold ornaments

 

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. തന്നെ പിന്തുണച്ചവര്‍ക്ക് അന്‍വര്‍ നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില്‍ കിടക്കാന്‍ തയാറായാണ് താന്‍ വന്നതെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും അത് കിട്ടിയെന്നും അന്‍വര്‍ പറഞ്ഞു.

അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. ഇന്ന് ഉച്ചയ്ക്കാണ് അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം എല്ലാവരും ധാര്‍മിക പിന്തുണ നല്‍കി. അത് വലിയ ആശ്വാസം നല്‍കി. വന്യമൃഗ വിഷയം വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നുള്ളതുകൊണ്ടാണ് വലിയ പിന്തുണ കിട്ടിയത് – അന്‍വര്‍ പറഞ്ഞു.

പിണറായി സ്വന്തം കുഴി തൊണ്ടിക്കൊണ്ടിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. സിപിഐഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയത്. ക്രൈസ്തവ സമൂഹത്തെ വനഭേതഗതി ബില്ലിലൂടെ ദ്രോഹിക്കാന്‍ പോകുകയാണ്. അവര്‍ പൂര്‍ണ്ണമായി സിപിഐഎമ്മിനെ കൈവിടാന്‍ പോകുകയാണ്. വനഭേതഗതി ബില്ല് പാസായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ ജാമ്യം കിട്ടില്ലായിരുന്നു. തന്നെ വനം വകുപ്പ് ആയിരിക്കുമായിരുന്നു കസ്റ്റഡിയില്‍ എടുക്കുക- അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് പിന്തുണക്ക് നന്ദി പറഞ്ഞ അന്‍വര്‍ ഒറ്റയാള്‍ പോരാട്ടം താന്‍ അവസാനിപ്പിക്കുകയാണെന്നും പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫുമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *