വർഗീയ പരാമർശം; കെ.ടി ജലീലിന് സമൻസ്

കോഴിക്കോട്: മീഡിയവണിനെതിരായ വർഗീയ പരാമർശത്തിൽ കെ.ടി ജലീലിന് കോടതി സമൻസ്. കോഴിക്കോട് സിജെഎം കോടതിയാണ് സമൻസ് അയച്ചത്. മീഡിയവൺ ഐ.എസിന്‍റെ ചാനലാണ് എന്ന പരാമർശത്തിനെതിരെ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ജലീലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മീഡിയവൺ സമർപ്പിച്ച സിവിൽ കേസും നിലവിലുണ്ട്.

 

ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കെയാണ് മീഡിയവൺ ഐ.എസ് ചാനലാണ് എന്ന ആരോപണം കെ.ടി ജലീൽ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ മീഡിയവൺ ജലീലിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം അഭിഭാഷകൻ മുഖേന മറുപടി അയച്ചിരുന്നു. മീഡിയവൺ മാധ്യമം പത്രവുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്, കോഴിക്കോട് വെള്ളിമാട്കുന്നിൽ മാധ്യമം ഓഫിസിന് എതിർവശത്തായി ഐ.എസ്.ടി ബിൽഡിംഗ് എന്നൊരു കെട്ടിടമുണ്ട്, പ്രസ്തുത കെട്ടിടത്തെ ആളുകൾ ചിലപ്പോൾ ഐ.എസ് ബിൽഡിംഗ് എന്നും വിളിക്കാറുണ്ട്, അതിനാലാണ് മീഡിയവണിനെ ഐ.എസ്. ചാനലെന്ന് വിളിച്ചത് എന്നായിരുന്നു വക്കീൽ നോട്ടീസിനുള്ള ജലീലിന്‍റെ മറുപടി.

 

 

കോഴിക്കോട് മുൻസിഫ് കോടതിയിലെ സിവിൽ ഡിഫമേഷൻ കേസിലും നടപടികൾ മുന്നോട്ട് പോവുകയാണ്. ജലീലിന്‍റെ അടുത്ത സുഹൃത്തും വളാഞ്ചേരി മുൻസിപ്പൽ കൗൺസിലിലെ എൽ.ഡി.എഫ് അംഗവുമായ നടക്കാവിൽ ഷംസുദ്ദീനെതിരെ ലൈംഗിക പീഡന പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നു. പ്രസ്തുത സംഭവം മീഡിയവൺ റിപ്പോർട്ട് ചെയ്തതിൽ ക്ഷുഭിതനായാണ് ജലീൽ മീഡിയവണിനെതിരെ ഐ.എസ്. ബന്ധം ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *