അയോഗ്യതക്ക് ശേഷം വയനാട്ടുകാരെ കാണാൻ രാഹുലും പ്രിയങ്കയും
കൽപറ്റ: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ആയിരങ്ങള്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്കു ശേഷം മൂന്നു മണിയോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹൈസ്‌കൂൾ മൈതാനത്തു നിന്ന് ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.
സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന റോഡ്‌ഷോയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിച്ചേരും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച കല്‍പറ്റയില്‍ വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട് ജില്ല സുരക്ഷാവലയത്തിൽ
കൽപറ്റ: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തുന്നത് പഴുതടച്ച സുരക്ഷ. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കൽപറ്റയിൽ എത്തുന്നതിനാൽ തന്നെ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ല പൊലീസ് മേധാവിക്ക് കീഴിൽ ഒമ്പതു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 800ഓളം പൊലീസുകാരുടെ സുരക്ഷയാണ് കൽപറ്റയിലൊരുക്കിയിരിക്കുന്നത്.
സുരക്ഷക്കായി വിവിധ ജില്ലകളിൽനിന്നുള്ള പൊലീസുകാരാണ് വയനാട്ടിലെത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധിയെത്തുന്ന എസ്.കെ.എം.ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിലും തുടർന്ന് അവിടെനിന്ന് എം.പി ഓഫിസിന് സമീപത്തെ സമ്മേളന വേദിവരെ നടക്കുന്ന റോഡ് ഷോയിലും വലിയ രീതിയിലുള്ള പൊലീസ് കാവലാണ് ഉണ്ടാകുക. എം.പി ഓഫിസിന് മുന്നിലായുള്ള സമ്മേളന വേദിയിലും പരിസരത്തും പൊലീസ് സുരക്ഷയുണ്ടാകും.
പരിപാടി നടക്കുന്നതിന്റെ ഭാഗമായി ഉച്ചക്കുശേഷം കൽപറ്റ നഗരത്തിൽ ഗതാഗത ക്രമീകരണവും ഉണ്ടാകും. തിങ്കളാഴ്ച രാത്രി മുതൽ തന്നെ കൽപറ്റ നഗരം പൊലീസിന്റെ നിയന്ത്രണത്തിലാണ്. പ്രധാന വഴികളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വലിയ രീതിയിലുള്ള സ്വീകരണം ഒരുക്കാനാണ് യു.ഡി.എഫ് തീരുമാനം.
കൽപറ്റ നഗരത്തിൽ ഇന്ന് ഉച്ചക്ക് 12 മുതൽ ഗതാഗത ക്രമീകരണം
കൽപറ്റ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ, പൊതുസമ്മേളനം എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മുതല്‍ കല്‍പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
• ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ കൽപറ്റ മുനിസിപ്പൽ ഓഫിസിനും കൈനാട്ടി ബൈപാസ് ജങ്ഷനും ഇടയിൽ നഗരത്തിലൂടെ ഒരു വാഹനത്തിനും ഗതാഗതം അനുവദിക്കില്ല.
• സുൽത്താൻ ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടി ബൈപാസ് ജങ്ഷന്‍ വഴി കടന്നു പോകണം.
• കോഴിക്കോട് ഭാഗത്തു നിന്ന് സുൽത്താൻ ബത്തേരി – മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പറ്റ ജനമൈത്രി ജങ്ഷനില്‍ നിന്ന് ബൈപാസ് വഴി കടന്നു പോകണം.
• സുൽത്താൻ ബത്തേരി – മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കൈനാട്ടി ബൈപാസ് ജങ്ഷനില്‍ നിന്നും ബൈപാസ് വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ തന്നെ തിരികെ പോകണം.
• കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയ ശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ കടന്നുപോകേണ്ടതാണ്.