കശ്മീരിലെ മഞ്ഞുവീഴ്ചക്കിടെ രാഹുൽ-പ്രിയങ്ക ‘പോര്’
ശ്രീനഗർ: ഭാരത് ജോഡോ യാത്രക്കിടെ ശ്രീനഗറിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് രാഹുലും പ്രിയങ്കയും. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് മുമ്പ് തിങ്കളാഴ്ച രാവിലെ ക്യാമ്പ് സൈറ്റിലായിരുന്നു മഞ്ഞിൽ ഇരുവരുടെയും ‘പോര്’. ‘സന്തോഷത്തിന്റെ മഞ്ഞ്, ശ്രീനഗറിലെ ഭാരത് ജോഡോ യാത്ര ക്യാമ്പ്സൈറ്റിലെ മനോഹരമായ ഒരു പ്രഭാതം’ എന്ന കുറിപ്പോടെ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മഞ്ഞ് വാരി പിറകിലൊളിപ്പിച്ച് ഓടിയെത്തുന്ന രാഹുൽ അത് പ്രിയങ്കയുടെ തലയിൽ തേക്കുന്നതും അതുകണ്ട് സഹയാത്രികർ ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. പ്രിയങ്ക തിരിച്ചും മഞ്ഞ് രാഹുലിന്റെ തലയിലും മുഖത്തും തേക്കുകയും അവസാനം ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. മറ്റു പ്രവർത്തകരുടെ ശരീരത്തിലും രാഹുൽ മഞ്ഞ് വാരിത്തേക്കുന്നുണ്ട്. കശ്മീരിലെ അവസാനഘട്ട യാത്രയിൽ ശനിയാഴ്ചയാണ് പ്രിയങ്ക പങ്കുചേർന്നത്.
ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ചക്കിടെ ഇന്ന് മെഗാ റാലിയോടെയാണ് ഭാരത് ജോഡോ യാത്രക്ക് സമാപനം കുറിച്ചത്. സമാപന സമ്മേളനം നടന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നു. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന സമ്മേളത്തിൽ പങ്കെടുത്തു. 136 ദിവസം നീണ്ട ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്.