പെഗാസസ് ഉപയോഗിച്ച് എന്‍റെ ഫോണും ചോര്‍ത്തി, ജാഗ്രത പുലര്‍ത്താന്‍ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു: രാഹുല്‍ ഗാന്ധി

കേംബ്രിഡ്ജ്: താൻ ഉൾപ്പെടെയുള്ളവരുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണിൽ പെഗാസസ് ഉണ്ട്. തന്റെ ഫോണിലും ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നുവെന്നും രാഹുൽ വെളിപ്പെടുത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. നിരന്തരം പ്രതിപക്ഷത്തിന്മേൽ കേസുകൾ ചുമത്തുന്നു. ഇതിനെതിരെ തങ്ങള്‍ ചെറുത്തുനില്‍ക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.

പെഗാസസ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതി പരിശോധിച്ച 29 മൊബൈൽ ഫോണുകളിൽ പെഗാസസ് കണ്ടെത്തിയില്ലെങ്കിലും അഞ്ച് മൊബൈൽ ഫോണുകളിൽ കൃത്രിമം കണ്ടെത്തി. എന്നാല്‍ ആ മാൽവെയർ പെഗാസസാണോയെന്ന് പറയാനാവില്ലെന്നായിരുന്നു സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട്.

രാജ്യത്ത് പാർലമെന്റിനും മാധ്യമങ്ങൾക്കും ജുഡീഷ്യറിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു, താൻ ഇന്ത്യയിലെ പ്രതിപക്ഷത്തെ നേതാവാണ്. പൊലീസുകാരന്‍ തന്നെ പിടിച്ചുവച്ചിരിക്കുന്ന ചിത്രം കാണിച്ചുകൊണ്ട്, പ്രതിപക്ഷ നേതാക്കളെ പാർലമെന്റിനു മുന്നില്‍ സംസാരിച്ചതിനു പോലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

“ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്, ആ യൂണിയനില്‍ ചർച്ചകള്‍ ആവശ്യമാണ്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ എടുത്ത ചിത്രം നിങ്ങൾക്ക് കാണാം. പ്രതിപക്ഷ നേതാക്കൾ ചില വിഷയങ്ങള്‍ സംസാരിച്ച് നിൽക്കുകയായിരുന്നു. അതിനു ഞങ്ങളെ ജയിലിൽ അടച്ചു. അത് മൂന്നോ നാലോ തവണ സംഭവിച്ചു. അക്രമാസക്തമായ രീതിയിലാണ് ഇത് സംഭവിച്ചത്. ന്യൂനപക്ഷങ്ങൾക്കും മാധ്യമങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും”- രാഹുല്‍ പറഞ്ഞു.

 

 

Congress leader Rahul Gandhi launched attack at the Centre during a lecture at Cambridge University, alleging that an attack has been unleashed on the basic structure of Indian democracy while also claiming that Israeli spyware Pegasus was being used to snoop into his phone

Leave a Reply

Your email address will not be published. Required fields are marked *