സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് നീക്കി രാജസ്ഥാനും
ജയ്പുർ: സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ. പേഴ്സനൽ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേന്ദ്ര സിങ് കാവ്യയാണ് 52 വർഷമായി തുടരുന്ന വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിട്ടത്. 1972ലെയും 1981ലെയും നിർദേശങ്ങൾ പരിശോധിച്ചശേഷം നേരത്തേ നിരോധിച്ച സംഘടനകളുടെ പട്ടികയിൽനിന്ന് ആർ.എസ്.എസിനെ ഒഴിവാക്കുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.RSS
സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞമാസം കേന്ദ്ര സർക്കാറും നീക്കിയിരുന്നു. 1966ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിലക്ക് കൊണ്ടുവന്നത്. പേഴ്സനൽ, പബ്ലിക് ഗ്രീവ്നെസ് ആൻഡ് പെൻഷൻസ് മന്ത്രാലയമാണ് ഈ വിലക്ക് ജൂലൈയിൽ നീക്കിയത്. ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്.