രാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും തുണികൊണ്ട് മറച്ച് പോലിസ്

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും പോലിസ് തുണികൊണ്ട് മറച്ചു. ബിജെപിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്വേഷപ്രാസംഗികനും എംഎല്‍എയുമായ രാജാ സിങാണ് രാമനവമി ഘോഷയാത്രക്ക് നേതൃത്വം നല്‍കുന്നത്. നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന രാജാ സിങിന്റെ അനുയായികള്‍ ആക്രമണം നടത്തിയേക്കുമെന്ന് ഭയന്നാണ് സിദ്ധിയംബര്‍ ബസാര്‍ പള്ളിയും ദര്‍ഗയും തുണികൊണ്ട് മറച്ചത്. നാളെ രാവിലെ ഒമ്പതിനാണ് സീതാരാംബാഗ് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര ആരംഭിക്കുന്നത്. രാത്രി ഏഴിന് കോട്ടി ഹനുമാന്‍ മൈതാനിയിലാണ് സമാപനം. ഘോഷയാത്ര ഭോയ്ഗുഡ കമാന്‍, മംഗല്‍ഹട്ട് പോലിസ് സ്‌റ്റേഷന്‍ റോഡ്, ജാലി ഹനുമാന്‍, ധൂല്‍പേട്ട് പുരാണപുള്‍ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാര്‍, ബീഗം ബസാര്‍ ഛത്രി, സിദ്ധിയംബര്‍ ബസാര്‍, ശങ്കര്‍ ഷെര്‍ ഹോട്ടല്‍, ഗൗളിഗുഡ ചമന്‍, പുത്‌ലിബൗളി ക്രോസ്‌റോഡ്, കോടി, സുല്‍ത്താന്‍ ബസാര്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോവുക. ഈ മേഖലയിലാണ് മസ്ജിദുകളും ദര്‍ഗകളും തുണികൊണ്ട് മറച്ചത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഘോഷയാത്രക്കിടെ രാജാ സിങ് നടത്തിയ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരേ ഷഹിനായത്ഗുഞ്ച് പോലിസ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി കേസുകളുണ്ടായിട്ടും ഘോഷയാത്രയ്ക്ക് പോലിസ് അനുമതി നല്‍കുകയായിരുന്നു. പ്രത്യേകിച്ച് ഇത്തവണ റമദാനിലാണ് രാമനവമി ഘോഷയാത്രയെന്നതും സംഘര്‍ഷത്തിന് സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മുസ്‌ലിംകള്‍ ഹിന്ദു കച്ചവടക്കാരെ ബഹിഷ്‌കരിക്കുന്നുണ്ടെന്നും അതിനാല്‍ ഹിന്ദുക്കളും ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുക്കള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചാല്‍ മുസ് ലിംകള്‍ക്ക് ഭിക്ഷ പോലും ലഭിക്കില്ലെന്നും ഹിന്ദു ഉണര്‍ന്നാല്‍ മുസ്‌ലിംകള്‍ തുടച്ചുനീക്കപ്പെടുമെന്നുമായിരുന്നു രാജാ സിങിന്റെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *