ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിന് തിരിച്ചടി, തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു



കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി. തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.

രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. തൊടുപുഴയിൽനിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ‍ അടച്ചിരുന്നു. ഇവിടെ നിന്നാണ് കോടതിയിൽ ഹജരാക്കിയത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിന് പൂർത്തിയാക്കേണ്ടതുണ്ട്.

യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതും കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതും. യുവനടിയുടെ പരാതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്നത് ഷൂട്ടിങ് സെറ്റിലുള്ള ജീവനക്കാർ അറിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവനടി ആയതിനാൽ തന്നെ പൊലീസിൽ പരാതി നൽകില്ലെന്ന് രഞ്ജിത്തും സഹപ്രവർത്തകരും കണക്ക് കൂട്ടി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു നടിക്ക് നൽകിയിരുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായിരുന്നു.