പരിശീലകൻ മാറിയിട്ടും റയലിന് രക്ഷയില്ല! രണ്ടാം ഡിവിഷൻ ക്ലബിനോട് ഞെട്ടിക്കുന്ന തോൽവി, കോപ ഡെൽ റേയിൽ ക്വാർട്ടർ കാണാതെ പുറത്ത്

മഡ്രിഡ്: പരിശീലകൻ മാറിയിട്ടും സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന് രക്ഷയില്ല, കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ലീഗിൽ 17ാം സ്ഥാനത്തുള്ള ആൽബസെറ്റിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി പുറത്ത്.

ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് ആൽബസെറ്റ് വിജയ ഗോൾ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ആൽബസെറ്റ് റയലിനെ തോൽപിക്കുന്നത്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബദ്ധവൈരികളായ ബാഴ്സയോട് തോറ്റതിനു പിന്നാലെ സാബി അലോൻസോയെ റയൽ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ടീമിന്‍റെ താൽക്കാലിക ചുമതലയുള്ള റയൽ റിസർവ് ടീം പരിശീലകൻ അൽവാരോ അർബെലോവക്ക് കീഴിൽ ആദ്യ മത്സരമായിരുന്നു.

സൂപ്പർതാരം കിലിയൻ എംബാപ്പെ, റോഡ്രിഗോ, കോർട്ടിയസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവർക്കെല്ലാം റയൽ വിശ്രമം നൽകിയപ്പോൾ, അക്കാദമി താരങ്ങൾ ടീമിലെത്തി. ജെഫ്റ്റെ ബെറ്റൻകോറിന്‍റെ ഇരട്ടഗോളുകളാണ് (82, 90+4) ആൽബസെറ്റിന് ചരിത്ര ജയം സമ്മാനിച്ചത്. സാവി വില്ലയുടെ (42) വകയായിരുന്നു മറ്റൊരു ഗോൾ. റയലിനായി ഫ്രാങ്കോ മസ്റ്റാന്‍റുനോ (45+3), ഗോൺസാലോ ഗാർസിയ (90+1) എന്നിവരാണ് ഗോൾ നേടിയത്. സൂപ്പർതാരങ്ങൾക്ക് വിശ്രമം നൽകിയ തന്‍റെ തീരുമാനത്തിൽ തെറ്റില്ലെന്നും ജയിക്കാൻ കഴിവുള്ള ടീമിനെ തന്നെയാണ് കളത്തിലിറക്കിയതെന്നും മത്സരശേഷം അർബെലോവ പ്രതികരിച്ചു.

പരാജയത്തെ ഭയപ്പെടുന്നില്ല, ഈ തോൽവിയെ പരാജയമായി വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ മനസ്സിലാക്കുന്നു. പരാജയം വിജയത്തിലേക്കുള്ള പാതയുടെ ഭാഗമാണെന്നും അടുത്ത മത്സരമാണ് ഇനി മുമ്പിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 42ാം മിനിറ്റിൽ ആൽബസെറ്റാണ് ആദ്യം ലീഡെടുത്തത്. ജോസ് ലാസോയുടെ കോർണറിൽനിന്നുള്ള പന്ത് സാവി വില്ലർ ഹെഡ്ഡറിലൂടെ വലയിലാക്കി. ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ മാസ്റ്റാന്‍റുനോയിലൂടെ റയൽ മത്സരത്തിൽ ഒപ്പമെത്തി. പകരക്കാരനായി കളത്തിലെത്തിയ ബെറ്റൻകോർ 82ാം മിനിറ്റിൽ ആൽബസെറ്റിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, ഇൻജുറി ടൈമിന്‍റെ തുടക്കത്തിൽ തന്നെ ഗാർസിയയുടെ ഗോളിലൂടെ റയൽ വീണ്ടും സമനില പിടിച്ചു.

മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് റയൽ ആരാധകരുടെ നെഞ്ചു പിളർത്തി ബെറ്റൻകോർ ടീമിന്‍റെ വിജയഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ ഡേവിഡ് അലബ, കമവിംഗ, കാർവഹാൽ എന്നിവരെയെല്ലാം അർബെലോവ ഇറക്കി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്ത് റയലിന്‍റെ പ്രകടനം മോശമായതാണ് സാബിക്ക് തിരിച്ചടിയായത്. ലാലിഗയിൽ ബാഴ്സയേക്കാൾ നാല് പോയന്റിന് പിന്നിലാണ് റയൽ. മുൻ താരം കൂടിയായ സാബി ജർമൻ ക്ലബ് ബയർ ലെവർകുസനിൽനിന്നാണ് റയലിലേക്ക് എത്തിയത്.