2030 ഫുട്ബോൾ ലോകകപ്പിൽ 64 രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ ശിപാർശ; ഇന്ത്യക്ക് സാധ്യത തെളിയുമോ?
ന്യൂയോർക്: 2030 ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 64 ആക്കി ഉയർത്താൻ ശിപാർശ. മാർച്ച് അഞ്ചിന് നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു. ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികം 2030ൽ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച ഉയരുന്നത്.World Cup
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ചേർന്നാണ് 2030 ലോകപ്പിന് ആതിഥേയത്വം ഒരുക്കുന്നത്. കൂടാതെ നൂറാം വാർഷികം പ്രമാണിച്ച് തെക്കേ അമേരിക്കയിലെ അർജന്റീന, പരാഗ്വേ, ഉറുഗ്വായ് എന്നീ രാജ്യങ്ങളും ഏതാനും മത്സരങ്ങൾക്ക് വേദിയൊരുക്കും.
ഫിഫ യോഗത്തിലുയർന്ന ഈ ആവശ്യത്തിൽ കൂടുതൽ ചർച്ചകൾ ഒരുക്കുമെന്ന് ഫിഫയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. 32 ടീമുകളുമായാണ് നിലവിൽ ലോകകപ്പ് അരങ്ങേറുന്നത്. എന്നാൽ 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തിയിരുന്നു. ഇതിനിടയിലാണ് നൂറാം വാർഷികം പ്രമാണിച്ച് പുതിയ ചർച്ചകൾ ഉരുത്തിരിയുന്നത്.
വിഷയത്തിൽ അന്തിമ തീരുമാനം വരാൻ ഇനിയും സമയമെടുക്കും. തീരുമാനം നിലവിൽ വരികയാണെങ്കിൽ ഏഷ്യയിൽ നിന്നടക്കം കൂടുതൽ ടീമുകൾക്ക് അവസരം ലഭിക്കും. ഇതുവരെ ലോകകപ്പിൽ കളിക്കാത്ത ഇന്ത്യയടക്കമുള്ള ടീമുകൾക്ക് ഇത് വലിയ അവസരമാണ് ഒരുക്കുന്നത്.