പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
ദുബൈ: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിൽ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും പരിഹാരമായി. നിലവിലെ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് നിയമം പരിഷ്കരിച്ചത്.
പുതിയ നിയമം അനുസരിച്ച് വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികളായ സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷൻമാർക്ക് 20 ഗ്രാമും വരെ തൂക്കമുള്ള സ്വർണാഭരണങ്ങൾ നികുതിരഹിതമായി കൊണ്ടുപോകാം. സ്ത്രീകൾക്ക് ഒരു ലക്ഷവും പുരുഷൻമാർക്ക് 50,000വും വില വരുന്ന ആഭരണങ്ങൾ മാത്രമേ നികുതി രഹിതമായി കൊണ്ടുപോകാനാവൂ എന്ന പരിധി ഒഴിവാക്കിയിരിക്കുകയാണ്.
2016ൽ അന്നത്തെ വിപണി വില അടിസ്ഥാനമാക്കിയാണ് സ്ത്രീകൾക്ക് 40 ഗ്രാം (ഒരു ലക്ഷം രൂപ), പുരുഷൻമാർക്ക് 20 ഗ്രാം (50,000 രൂപ) എന്ന പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്ത്യയിൽ നിലവിൽ സ്വർണം ഗ്രാമിന് 15,000 രൂപക്ക് അടുത്തും യു.എ.ഇയിൽ ഏകദേശം 600 ദിർഹുമാണ് വില. ഈ സാഹചര്യത്തിൽ 2016ൽ വില അടിസ്ഥാനമാക്കി നിശ്ചയിച്ച നികുതി രഹിത സ്വർണാഭരണ പരിധി ഒട്ടും പര്യാപ്തമായിരുന്നില്ല.
തു മൂലം പ്രവാസികൾ കൊണ്ടുപോയിരുന്ന സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനക്ക് വിധേയമാകുന്ന അവസ്ഥയും നിലനിന്നിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടി യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) ഉൾപ്പെടെ നിരവധി പ്രവാസി കൂട്ടായ്മകളും സംഘടനകളും കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പുതിയ പരിഷ്കാരം പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്നാണ് വിലയിരുത്തൽ.
