പാർലമെന്റ് വളപ്പിലെ പ്രതിമ മാറ്റി സ്ഥാപിക്കൽ; ജന്തർമന്ദറിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സംഘടനകൾ
ഡൽഹി: പാർലമെന്റ് വളപ്പിൽ നിന്ന് അംബേദ്കറുടെയും ഗാന്ധിയുടെയും പ്രതിമകൾ എടുത്തു മാറ്റിയ വിഷയത്തിൽ പ്രതിഷേധിച്ച് ഡി.ഒ.എം പരിസംഗ്, സംത സൈനിക് ദൾ എന്നീ സംഘടനകൾ. ബുധനാഴ്ച ജന്തർമന്ദറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.statue
ബിആർ അംബേദ്കറുടെയും മഹാത്മാഗാന്ധിയുടെയും പ്രതിമകൾ പാർലമെന്റ് വളപ്പിലെ പ്രധാന സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുൻ എംപിയും ഡി.ഒ.എം പരിസംഗ് ദേശീയ ചെയർമാനുമായ ഉദിത് രാജ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി എംപിമാർ ഗാന്ധിയുടെയും അംബേദ്കറിന്റെയും പ്രതിമകൾക്ക് സമീപം പ്രതിഷേധിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നത് മോദി ഭരണത്തിന്റെ കാലത്തായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഗാന്ധി പ്രതിമയ്ക്ക് സമീപം നിരവധി ധർണകളാണ് പ്രതിപക്ഷം സംഘടിപ്പിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ ഭരണഘടനാ ദിനം ആഘോഷ പരിപാടി അംബേദ്കറുടെ പ്രതിമയ്ക്ക് സമീപമായിരുന്നു സംഘടിപ്പിച്ചിരുന്നത്.
സ്മാരക സമിതി യോഗം ചേരാതെ പ്രതിമകൾ മാറ്റിയത് ദുരൂഹമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തേ പറഞ്ഞിരുന്നു. പ്രേരണസ്ഥലിൽ പ്രതിമ സ്ഥാപിച്ചത് ചർച്ചകൾ നടത്താതെയാണെന്നും ഖാർഗെ ആരോപിച്ചിരുന്നു.
പാർലമെന്റ് മന്ദിരത്തിലെ 14 പ്രതിമകൾ കഴിഞ്ഞ ദിവസമാണ് പ്രരണസ്ഥലിൽ മാറ്റി സ്ഥാപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടയത്. 2018ലാണ് സ്മാരക സമിതി യോഗം ചേർന്നത്. എങ്ങനെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായ ഒരു തീരുമാനത്തിലേക്ക് പോയതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചിരുന്നു.