ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ആഗസ്റ്റ് രണ്ട് മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ ആഗസ്റ്റ് രണ്ട് മുതൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. ആഗസ്റ്റ് രണ്ട് മുതൽ തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസവും വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയതാണ് ഭരണഘടനാ ബെഞ്ച്.

 

2020 മാർച്ചിന് ശേഷം ആദ്യമായാണ് ഇന്ന് ഹരജികൾ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു-കശ്മീരിൽ സമാധാനമുണ്ടായി എന്നാണ് കേന്ദ്രം അവകാശപ്പെട്ടത്. അഭൂതപൂർവമായ സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പുരോഗതിയുടെയും കാലഘട്ടത്തിലാണ് ജമ്മു-കശ്മീരെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 

ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട വിഷയം മാത്രമായതിനാൽ അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കാനുണ്ടോയെന്ന് ഇന്ന് ജസ്റ്റിസ് എസ്.കെ. കൗൾ ചോദിച്ചിരുന്നു. ഇപ്പോൾ സമർപ്പിച്ച സത്യവാങ്മൂലം ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുക മാത്രമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ സത്യവാങ്മൂലത്തിൽ ഭരണഘടനാസാധുത സംബന്ധിച്ച് ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 20ഓളം ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

 

കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്, കേന്ദ്രതീരുമാനത്തിന് കശ്മീര്‍ ജനതയുടെ അനുമതിയില്ല, 2019ലെ ജമ്മുകശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹരജികള്‍ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *