ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; നാട്ടിലേക്ക് മടങ്ങി താരം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായിരുന്ന ഖാൻചന്ദ് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങാണ് വാർത്ത സ്ഥിരീകരിച്ചത്.
ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമായ റിങ്കു, ചെന്നൈയിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് ടീമിനൊപ്പം ചേർന്നെങ്കിലും റിങ്കു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പകരക്കാരനായി ഫീൽഡിൽ ഇറങ്ങിയിരുന്നു.
വിവരമറിഞ്ഞ ഉടൻ ചെന്നൈയില്‍നിന്ന് താരം ഡൽഹിയിലേക്ക് തിരിച്ചു. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെനാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായി നടക്കുന്ന നിർണായ മത്സരം ഉൾപ്പെടെ, ശേഷിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങളിൽ താരത്തിന് കളിക്കാനാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യക്ക് വൻ വിജയം
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ സൂപ്പർ എട്ട് മത്സരത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് വമ്പൻ വിജയം. ടോസ് നഷ്ടമായിട്ടും ആദ്യം ബാറ്റിങ്ങിന് അവസരം ലഭിച്ച ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്വെക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ബാറ്റെടുത്തവരെല്ലാം തിളങ്ങിയ ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും (30 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 55) ഹർദിക് പാണ്ഡ്യയും (23 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം പുറത്താവാതെ 50) അർധ ശതകം നേടിയപ്പോൾ തിലക് വർമ (16 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം പുറത്താവാതെ 44), ഇഷാൻ കിഷൻ (24 പന്തിൽ ഒരു സിക്സും നാല് ബൗണ്ടറിയുമടക്കം 38) നായകൻ സൂര്യകുമാർ യാദവ് (13 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 33), മലയാളി താരം സഞ്ജു സാംസൺ (15 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 24) എന്നിവരും നന്നായി ബാറ്റ് ചെയ്തു.
നിർണായക മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിങ്ങിന് പകരം സഞ്ജുവും വാഷിങ്ടൺ സുന്ദറിന്റെ സ്ഥാനത്ത് അക്സർ പട്ടേലും ഇടംപിടിച്ചു. മുൻനിരയിലെ ഇടംകൈയ്യൻമാർക്കെതിരെ മുൻ മത്സരങ്ങളിൽ ഓഫ്സ്പിന്നർമാരെ എതിർടീമുകൾ ഫലപ്രദമായി ഉപയോഗിച്ച പശ്ചാത്തലത്തിലായിരുന്നു സഞ്ജു ഓപണർ സ്ഥാനത്ത് തിരിച്ചെത്തിയത്. മലയാളി താരം ഓപണറായതോടെ ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്കും തിലക് വർമ ആറാം നമ്പറിലേക്കും മാറി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച സഞ്ജുവും അഭിഷേകും ഓപണിങ് വിക്കറ്റിൽ 22 പന്തിൽ 48 റൺസ് ചേർത്തു. നാലാം ഓവറിൽ ബ്ലെസ്സിങ് മുസർബാനിയെ മിഡ്വികറ്റിലേക്ക് പറത്താനുള്ള ശ്രമത്തിൽ റ്യാൻ ബേളിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. ശേഷമെത്തിയ ഇഷാനും ആക്രമണ മൂഡിലായിരുന്നു.
59 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത ബ്രയൻ ബെന്നറ്റിന്റെ കരുത്തിൽ സിംബാബ്വെ പൊരുതിനോക്കിയെങ്കിലും വലിയ സ്കോർ എത്തിപ്പിടിക്കാനായില്ല. കൂറ്റനടികളുമായി കളം വാണി ബെന്നറ്റിന് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. അദ്ദേഹത്തെ കൂടാതെ 21 പന്തിൽ 31 റൺസെടുത്ത സിക്കന്ദർ റാസ, 20 പന്തിൽ 20 റൺസെടുത്ത തദിവനഷെ മറുമാനി, ആറ് പന്തിൽ 11 റൺസെടുത്ത ടോണി മുന്യോംഗ എന്നിവർക്ക് മാത്രമേ രണ്ടക്കം തികക്കാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി അർഷ് ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോൾ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
