പാലത്തിൽ നിർത്തിയിട്ട ലോറി ഡ്രൈവർക്കായി പുഴയിൽ തെരച്ചിൽ; ഡ്രൈവർ ബംഗളുരുവിൽ

പഴയങ്ങാടി: കെ.എസ്.ടി.പി റോഡിലെ പഴയങ്ങാടി പാലത്തിൽ വെള്ളിയാഴ്ച അർധരാത്രി മുതൽ നിർത്തിയിട്ട ലോറിയെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലിസും പുഴയിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തി. ലോറി ഡ്രൈവർ പഴയങ്ങാടി പുഴയിൽ ചാടിയെന്ന സംശയത്തെ തുടർന്നായിരുന്നു പുഴയിൽ തെരച്ചിൽ നടത്തിയത്. എന്നാൽ അവസാനം ബംഗളുരുവിൽ എത്തിയതായി വിവരം ലഭിച്ചു.

മണിക്കൂറുകൾ തെരഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതെ വന്നപ്പോൾ തെരച്ചിൽ അവസാനിപ്പിച്ച് തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഡ്രവർ ബംഗളുരുവിൽ എത്തിയതായി ബന്ധുക്കൾ അറിയിച്ചത്. പഴയങ്ങാടി പാലത്തിൽ അന്തർ സംസ്ഥാന ലോറി രാത്രി മുതൽ നിർത്തിയിട്ട് അനാഥമായി കിടക്കുന്നുവെന്ന് വാർത്ത പ്രചരിച്ചതോടെയാണ് പൊലിസ് അന്വേഷിച്ചെത്തിയത്. ലോറി ഡ്രൈവർ പുഴയിൽ ചാടിയതായി അഭ്യുഹം ഉണ്ടായിരുന്നു. ഡ്രൈവറുടെ ചെരുപ്പും മൊബൈൽ ഫോണും ലോറിയിൽ കണ്ടെത്തിയത് സംശയം ബലപ്പെടുത്തി.

തുടർന്നായിരുന്നു ഫയർ ഫോഴ്‌സ് സഹായത്തോടെ കണ്ണപുരം, പഴയങ്ങാടി പൊലിസ് തെരച്ചിൽ നടത്തിയത്. ഇതിനിടയിൽ ശനിയാഴ്ച വൈകിട്ട് 3.30ഓടെ ലോറി ഡ്രൈവർബംഗളൂരു ബീരിശ്വര നഗർ ചുഞ്ച്ഗട്ട സ്വദേശി കെ. കുമാർ ബസിൽ ബംഗളുരുവിലെത്തിയെന്നും നെഞ്ചുവേദനയെ തുടർന്ന് ജെ.പി. നഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുയാണെന്ന് ഭാര്യ ശോഭയെ അറിയിച്ചത്. കർണാടകയിലേക്കുള്ള ലോറി ഓയിൽ ചോർച്ചയെ തുടർന്ന് പഴയങ്ങാടി പാലത്തിൽ നിന്നുപോയെന്നും ഇതോടെ ഡ്രൈവർ മാനസിക സംഘർഷത്തിലായെന്നുമാണ് വിവരം.

പരിഭ്രാന്തിയിലായെന്ന് ഡ്രൈവർ

കോഴിക്കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഓയിൽ ചോർച്ചയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ പഴയങ്ങാടി പാലത്തിൽ നിന്നു പോയതെന്ന് ലോറി ഡ്രൈവർ കെ. കുമാർ ”മാധ്യമ”ത്തോട്പറഞ്ഞു. മനഃസംഘർഷത്തിൽ ലോറിയിൽ നിന്ന് ഇറങ്ങി അത് വഴി വന്ന മറ്റൊരു വാഹനത്തിൽ കയറിയാണ് നാട്ടിലേക്ക് തിരിച്ചത്. മന:സംഘർഷത്തിൽ മൊബൈൽ ഫോൺ എടുക്കാൻ മറന്നതാണെന്നും ലോറിയിൽ കണ്ട ചെരുപ്പ് അധികമായി ഉപയോഗിച്ചു വരുന്നതാണെന്നും കുമാർ പറഞ്ഞു.