അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് അടച്ച് തമിഴ്‌നാട്: വിനോദ സഞ്ചാരികളെ വിലക്കി

പാലക്കാട്: പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് അടച്ച് തമിഴ്‌നാട്. വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കി. കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണം.

മാസങ്ങൾക്ക് മുമ്പായിരുന്നു താവളം മുതൽ മുള്ളി വരെയുള്ള 28.5 കിലോമീറ്റർ റോഡ് നവീകരണം. മനോഹരമായ കാഴ്ചകൾ ഉള്ളതിനാൽ ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തിരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാൽ മിക്കവരും ചെക്ക്‌പോസ്റ്റ് വരെയെത്തി തിരിച്ചെത്തുകയാണ്.

റോഡ് നവീകരിച്ചതോടെ ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഹോട്ടലുകളും കടകളും പ്രദേശത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം പ്രതിസന്ധിയിലാകുന്ന നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആനമല കടുവാ സങ്കേതത്തിൽ മുള്ളി മേഖല കൂടി ഉൾപ്പെടുന്നതിനാലാണ് റോഡ് അടച്ചതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം. പല വന്യജീവി സങ്കേതത്തിനകത്ത് കൂടിയുള്ള റോഡുകളിലും രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഒരു റോഡും അടച്ചു പൂട്ടരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *