കൊച്ചിയിൽ റോബിൻഹുഡ് മോഡൽ തട്ടിപ്പ്; ഹരിയാന സ്വദേശി അറസ്റ്റിൽ

Robinhood model fraud in Kochi; A native of Haryana was arrested

 

കൊച്ചി: കൊച്ചിയിൽ റോബിൻഹുഡ് മോഡൽ തട്ടിപ്പിൽ ഹരിയാന സ്വദേശി അറസ്റ്റിൽ. ഹരിയാനയിലെ അക്കേര ഗ്രാമത്തിൽ നിന്നാണ് പ്രതി ആലത്തിനെ തോപ്പുംപടി പൊലീസ് പിടികൂടിയത്. കേരളത്തിലും വിവിധ സംസ്ഥാനങ്ങളുമായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ഏപ്രിൽ 24നാണ് ഹരിയാന സ്വദേശിയായ ആലം കേരളത്തിലെത്തിയത്. തുടർന്ന് കൊച്ചിയിലെ വിവിധ എടിഎമ്മുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി. സിഡിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന സമയം കൈവച്ച് യന്ത്രം തകരാറിലാക്കും. പിന്നാലെ പണം എടുത്തശേഷം പണം ലഭിച്ചില്ലെന്ന് കാട്ടി ബാങ്കിന് വീണ്ടും അപേക്ഷ നൽകും. ഈ അപേക്ഷ പരിഗണിച്ച് ബാങ്ക് വീണ്ടും പണം അനുവദിക്കും.

അതായിരുന്നു തട്ടിപ്പ് രീതി. തോപ്പുംപടി പ്യാരി ജംഗ്ഷനിലുള്ള യൂണിയൻ ബാങ്കിന്‍റെ എടിഎമ്മില്‍ നടത്തിയ തട്ടിപ്പിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടത്തെ സിഡിഎമ്മിൽ നിന്നും രണ്ടുതവണയായി 60000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സിഡിഎമ്മിലെ സിസി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സംഭവത്തിന് പിന്നാലെ ഹരിയാനയിലേക്ക് പോയ ആലത്തിനെ ഇയാളുടെ ഗ്രാമമായ അക്കേരയിൽ നിന്നുമാണ് തോപ്പുംപടി എസ് ഐ ജിൻസൺ ഡൊമിനികിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അഞ്ചുദിവസം ഹരിയാനയിൽ തങ്ങി നിരീക്ഷിച്ച ശേഷം ആണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. എടിഎം തട്ടിപ്പുകാരെ കൊണ്ട് കുപ്രസിദ്ധിയാർജിച്ച ഗ്രാമമാണ് അക്കേര.

Leave a Reply

Your email address will not be published. Required fields are marked *