ഗസ്സയിൽ നിന്ന് മൂന്നാം ദിവസവും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം

ദുബൈ: ഗസ്സയിൽ നിന്ന് തുടർച്ചയായ മൂന്നാംദിവസവും ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അൽഖസ്സാം ബ്രിഗേഡ്സിന്റെ റോക്കറ്റാക്രമണം. ഇതോടൊപ്പം ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയും കൂടുതൽ മിസൈൽ ആക്രമണം നടത്തി.

 

ഗസ്സയിലെ റഫക്കു നേരെയും മറ്റും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. റഫയിൽ താമസ കെട്ടിടങ്ങൾക്കു മേൽ നടത്തിയ ബോംബിങ്ങിൽ ആറു കുരുന്നുകളടക്കം 17 പേർ കൊല്ലപ്പെട്ടു. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ തുടരുന്ന ഇസ്രായേൽ റെയ്ഡിൽ മരണം 14 ആയി.

 

ഇസ്രായേലിന് 2640 കോടി ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡൻ ഭരണകൂട നിർദേശത്തിന് അമേരിക്കൻ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന് 6080 കോടി ഡോളറും തായ്വാൻ ഉൾപ്പെടെ ഇന്തോ പസഫിക് മേഖലക്ക് 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും.

 

സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് ഇസ്രായേലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. ഗസ്സയിൽ പിന്നിട്ട ഏഴ് മാസക്കാലമായി കൊടുംക്രൂരതകൾ തുടരുന്ന ഇസ്രായേലിന് സൈനിക സഹായം നൽകരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യർഥന തള്ളിയാണ് തെൽഅവീവിനെ വീണ്ടും ആയുധമണിയിക്കാനുള്ള യാങ്കി തീരുമാനം.

 

മേഖലയിൽ സംഘർഷം വ്യാപിക്കാൻ ഇസ്രായേലിനുള്ള യു.എസ് പിന്തുണ വഴിയൊരുക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘർഷം മൂർച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ വ്യക്തമാക്കി.

 

34,000 മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേലിന് കൂടുതൽ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞു.എന്നാൽ, ബൈഡൻ ഭരണകൂട തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കൻ വിഭാഗവും ഇസ്രായേലിനൊപ്പം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.

 

 

കഴിഞ്ഞ ദിവസം യു.എന്നിൽ ഫലസ്തീന് സ്വതന്ത്ര അംഗത്വം നൽകാനുള്ള പ്രമേയത്തെ രക്ഷാസമിതിയിൽ പിന്തുണച്ച ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അംബാസർമാരെ വിളിച്ചുവരുത്തി ഇസ്രായേൽ പ്രതിഷേധം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായേലിന്റെ ഒരു സൈനിക യൂനിറ്റിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ നെതന്യാഹു പ്രതിഷേധിച്ചു. അത്തരം നീക്കം ഭീകരതക്കുള്ള പിന്തുണയായി മാറുമെന്നും നെതന്യാഹു അമേരിക്കക്ക് താക്കീത് നൽകി

Leave a Reply

Your email address will not be published. Required fields are marked *