ശബരി പാത: പകുതി ചെലവ് സംസ്ഥാനം വഹിക്കും; തടസ്സങ്ങൾ നീങ്ങിയെന്ന് കേന്ദ്രം


കൊച്ചി: ശബരി റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. നിർമാണത്തിന്റെ പകുതി ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ വിശദീകരണം.

പദ്ധതി ചെലവായ 3800.9 കോടിയിൽ 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചത്. സ്ഥലമേറ്റെടുപ്പിനാണ് ഈ തുക ചെലവഴിക്കുക. പദ്ധതി മരവിപ്പിച്ച് നിർത്തിയ അവസ്ഥ നീക്കിയതായും ദക്ഷി റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാബിൻ അസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറി ജിജോ പനച്ചിനാനി സമർപ്പിച്ച ഹരജിയിലാണ് വിശദീകരണം.

ശബരി പദ്ധതി കോൾഡ് സ്റ്റോറേജിൽ വെക്കരുതെന്ന് വാക്കാൽ പരാമർശിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, കേന്ദ്രസർക്കാർ വിശദീകരണം രേഖപ്പെടുത്തിയശേഷം ഹരജി തീർപ്പാക്കി.