ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

ബംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. 176 ഗ്രാം സ്വർണമാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത്. ആഭരണങ്ങളാണ് എസ്ഐടി പിടിച്ചെടുത്തത്.
രാവിലെ 10 മണിയോടു കൂടിയാണ് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ അന്വേഷണ സംഘം എത്തുന്നത്. ഇവിടെ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. ഇവ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമാണോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എസ്ഐടി സംഘത്തിന്റെ ചെന്നൈയിലെ തെളിവെടുപ്പും പുരോഗമിക്കുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപവും കട്ടിളയും കൊണ്ടുപോയി ഉരുക്കി സ്വർണം വേർതിരിച്ചെടുത്തത് ചെന്നൈയിലായിരുന്നു. സ്വർണപ്പാളികളിൽ ഏകദേശം 1567 ഗ്രാം സ്വർണമുണ്ടായിരുന്നെന്നാണ് യുബി ഗ്രൂപ്പ് പറയുന്നത്. ഇത് ഉരുക്കിയപ്പോൾ ഒരു കിലോയോളം സ്വർണം കുറവുണ്ടായിരുന്നു.
ഇതിൽ എന്തൊക്കെ അട്ടിമറികളും ക്രമക്കേടും ഉണ്ടായെന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായാണ് തെളിവെടുപ്പ്. ഇന്നും നാളെയുമായി ചെന്നൈയിലെയും ബംഗളൂരുവിലേയും തെളിവെടുപ്പും പരിശോധനയും പൂർത്തിയാക്കാനാണ് അന്വേഷണ സംഘമൊരുങ്ങുന്നത്. അതിനു ശേഷം പോറ്റിയുമായി ഹൈദരാബാദിലേക്ക് പോകാനാണ് തീരുമാനം. സ്വർണപ്പാളികൾ ഹൈദരാബാദിലും എത്തിച്ചിരുന്നു.
