ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെത്തിയത്.
അതേസമയം പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ ഗോവർധന്‍റെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്. ജ്വല്ലറിയിൽ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പര്‍ എഴുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ജ്വല്ലറി പൂട്ടിയത്. ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ബംഗളൂരുവിൽ എസ്ഐടി പരിശോധന നടത്തുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി താമസിച്ചിരുന്ന ഫ്ലാറ്റിലാണ് എസ്ഐടി സംഘം പരിശോധന നടത്തുന്നത്. ശ്രീറാംപൂരിയിലാണ് തെളിവെടുപ്പ് നടത്തുന്നത്.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങളാണ് ലഭിച്ചത്. സ്വർണ കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
