‘കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തത്, ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു’; ബുൾഡോസർ രാജിനെതിരെ സാദിഖലി തങ്ങൾ



മലപ്പുറം: കർണാടകയിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഇടിച്ചു നിരത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തതാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു.

സർക്കാർ ഭൂമിയാണെന്നത് ശരിയാണന്നും എന്നാൽ ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ കർണാടക പി.സി.സിയോട് കോൺഗ്രസ് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി ക്രമങ്ങൾ പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീകരിച്ചത്.

അതേസമയം, ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ പ്രശ്നപരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളിലായി 3000തോളം ആളുകളാണ് താമസിച്ചിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകൂടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും 300ലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.

പുലർച്ചെ നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടായിരുന്നു.

ബുൾഡോസർ രാജ് തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം നൽകിയ മുന്നറിയിപ്പും കർണാടക സർക്കാർ അവഗണിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വത്തുക്കൾ പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ ‘ബുൾഡോസർ നീതി’ അനുകരിക്കാനുള്ള കർണാടക സർക്കാറിന്റെ നിർദേശത്തെ പി. ചിദംബരം വിമർശിച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണുന്നതു പോലെ ബുൾഡോസർ നിയന്ത്രിതമായ നടപ്പാക്കലിന്റെ ‘നിയമവിരുദ്ധ പാത’ കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം അവലംബിക്കരുതെന്ന് ചിദംബരം പറഞ്ഞു. മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്ന കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ പ്രസ്താവനയോടായിരുന്നു ചിദംബരം ഇത്തരത്തിൽ പ്രതികരിച്ചത്.