കുട്ടികളെ മൂന്നാം വയസ്സിൽ കളിയിടങ്ങളിലേക്ക് വിടണം; കായിക പരിശീലനത്തിൽ മാതാപിതാക്കൾ അമിതമായി ഇടപെടരുതെന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഒരു പ്രൊഫഷണൽ കായികതാരത്തെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ദിവ്യ ജെയിനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് സൈന തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചത്.

മത്സരങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായ ശേഷം മാത്രം കുട്ടികളെ കായിക പരിശീലനത്തിന് അയച്ചാൽ മതിയെന്ന പൊതുധാരണയെ സൈന തിരുത്തുന്നു. മൂന്നോ നാലോ വയസ്സുള്ളപ്പോൾ തന്നെ കുട്ടികളെ കായിക വിനോദങ്ങളിലേക്ക് കൊണ്ടുവരണമെന്നാണ് സൈനയുടെ പക്ഷം. എന്നാൽ ഇത് മെഡലുകൾ ലക്ഷ്യമിട്ടുള്ള കഠിനപരിശീലനത്തിന് വേണ്ടിയാകരുത്. മറിച്ച്, കായിക വിനോദങ്ങളോട് അവർക്ക് താല്പര്യവും ഇഷ്ടവും വളർത്തിയെടുക്കാൻ വേണ്ടിയായിരിക്കണം.

കായിക രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുന്ന യുവതലമുറക്ക് നൽകാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന്, നേരത്തെ തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സൈന സംസാരിച്ചത്. ‘ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മൂന്നോ നാലോ വയസ്സിൽ തന്നെ കുട്ടികൾ കായിക വിനോദങ്ങളിൽ ഏർപ്പെട്ടു തുടങ്ങുന്നു. മൂന്നോ നാലോ അഞ്ചോ വയസ്സിൽ കുട്ടികളെ സ്പോർട്സിലേക്ക് കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം. രണ്ടോ മൂന്നോ വർഷം അവർ സ്വതന്ത്രമായി കളിക്കട്ടെ, അതുവഴി അവർക്ക് കളികളോട് താല്പര്യം ജനിക്കും’ സൈന വ്യക്തമാക്കി.

തുടക്കത്തിൽ തന്നെ കുട്ടി ഏത് കായിക ഇനമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മാതാപിതാക്കൾ തീരുമാനിക്കേണ്ടതില്ല. ബാഡ്മിന്റണോ, പിക്കിൾബോളോ, അല്ലെങ്കിൽ കുട്ടിക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും കളിയോ ആകട്ടെ, പലതരം കായിക വിനോദങ്ങൾ പരിചയപ്പെടുത്തി അവർക്ക് താല്പര്യമുള്ളത് തിരഞ്ഞെടുക്കാൻ അവസരം നൽകണം. കുട്ടികൾക്ക് മൊബൈൽ ഫോണുകളും വിഡിയോ ഗെയിമുകളും നൽകി മുറിക്കുള്ളിൽ തളച്ചിടുന്നതിന് പകരം അവരെ കളിസ്ഥലങ്ങളിലേക്ക് കൊണ്ടുപോകണം. മാതാപിതാക്കളും കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങണം. അച്ഛനും അമ്മയും കളിക്കുന്നത് കാണുമ്പോൾ കുട്ടികൾക്കും കായിക വിനോദങ്ങളോട് താല്പര്യം കൂടുമെന്നും സൈന കൂട്ടിച്ചേർത്തു.

കായിക രംഗം ഒരിക്കലും എളുപ്പമുള്ള ഒരു കരിയർ ഓപ്ഷനായി കാണരുതെന്ന് സൈന മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രൊഫഷണൽ കായികതാരമായി മാറുന്നതിന് പിന്നിൽ വലിയ സാമ്പത്തിക ചെലവുകളും കുടുംബത്തിന്റെ ത്യാഗങ്ങളുമുണ്ട്. ‘കായിക പരിശീലനത്തിന് തുടക്കത്തിൽ വലിയ തുക ചെലവാകുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. തുടക്കകാലത്ത് സ്പോൺസർഷിപ്പോ സാമ്പത്തിക സഹായമോ ലഭിക്കണമെന്നില്ല.

പരിശീലനം, കായിക ഉപകരണങ്ങൾ, യാത്രകൾ എന്നിവക്കെല്ലാം മാതാപിതാക്കൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ടി വരും. കുട്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുമ്പോൾ മാത്രമേ സ്പോൺസർഷിപ്പുകൾ ലഭിച്ചു തുടങ്ങുകയുള്ളൂ. എത്ര നേരത്തെ മികച്ച പ്രകടനം നടത്തുന്നോ, അത്രയും വേഗം സാമ്പത്തിക പിന്തുണ ലഭിക്കും. എങ്കിലും ഇതൊരു കഠിനമായ യാത്ര തന്നെയാണ്’ സൈന പറഞ്ഞു.

കുട്ടിയെ ഉന്നത നിലവാരത്തിൽ എത്തിക്കാൻ മാതാപിതാക്കൾ സ്വന്തം സന്തോഷങ്ങളും അവധി ദിവസങ്ങളും ത്യജിക്കേണ്ടി വരും. ഒരു കുട്ടിയെ ചാമ്പ്യനാക്കാൻ മാതാപിതാക്കളിൽ ഒരാളെങ്കിലും പൂർണ്ണമായും അതിനായി സമർപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ, കുട്ടി നേടുന്ന മെഡൽ അവന്റെ മാത്രം നേട്ടമല്ല, മറിച്ച് ആ കുടുംബത്തിന്റെ മുഴുവൻ വിജയമാണെന്നും സൈന ഓർമിപ്പിച്ചു.

പരിശീലകരും മാതാപിതാക്കളും തമ്മിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും സൈന വ്യക്തമായ നിലപാട് പങ്കുവെച്ചു. കുട്ടികളെ ശിക്ഷിക്കാനും അവരുടെ പ്രകടനം മെച്ചപ്പെടുത്താനായി സമ്മർദം ചെലുത്താനുമുള്ള അധികാരം പരിശീലകർക്ക് നൽകണമെന്ന് സൈന പറയുന്നു. പരിശീലന കാര്യങ്ങളിൽ മാതാപിതാക്കൾ അമിതമായി ഇടപെടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

‘പരിശീലകരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. വീട്ടിലെ അച്ചടക്കം മാതാപിതാക്കളും, കോർട്ടിലെ പരിശീലനവും അച്ചടക്കവും പരിശീലകരുമാണ് നോക്കേണ്ടത്. എല്ലാ പ്രയാസങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിച്ചു നിർത്താൻ മാതാപിതാക്കൾ ശ്രമിക്കരുത്. തെറ്റുകളിൽ നിന്നാണ് കുട്ടികൾ പഠിക്കേണ്ടത്. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ചിലപ്പോഴൊക്കെ അവർക്ക് തിരിച്ചടികൾ നേരിടേണ്ടി വരുന്നത് നല്ലതാണെന്നും സൈന കൂട്ടിച്ചേർത്തു.