സജി ചെറിയാൻ പറഞ്ഞത് ശരിയല്ല; എ.കെ ബാലൻ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു -പാലോളി മുഹമ്മദ് കുട്ടി



തിരുവനന്തപുരം: വിവാദപ്രസ്താവനകളിൽ സജി ചെറിയാനേയും എ.കെ ബാലനേയും തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. സജി ചെറിയാൻ അത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്നും എ.കെ ബാലൻ പ്രതികരണം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം.

സജി ചെറിയാനോട് പാർട്ടി തന്നെയാണ് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഒരിക്കലും ഉണ്ടാവാനാവത്ത പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എ.കെ ബാലന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി മലപ്പുറത്തെ അല്ല മുസ്‍ലിം ലീഗിനേയാണ് അധിക്ഷേപിച്ചത്. ജമാഅത്തെ ഇസ്‍ലാമി ഒരിക്കൽ സി.പി.പിഎമ്മിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാൻ മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും ഇതാർക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവനയാണ് നേരത്തേ വിവാദത്തിലായത്. പരാമർശം വൻ വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.

യുഡിഎഫ് അധികാരത്തിൽവന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമാണ് മുതിർന്നനേതാവ് എ.കെ. ബാലൻ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ബാലനെ പിന്തുണച്ചപ്പോൾ, പ്രസ്താവന അസംബന്ധമാണെന്ന വിരുദ്ധനിലപാടാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെടുത്തത്.