കൊടുവള്ളിയിൽ സലീം മടവൂരും പാലക്കാട് എൻ.എം.ആർ. റസാഖും എൽ.ഡി.എഫ് സ്വതന്ത്രർ
കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും.
ആര്.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. ഡോ. എം.കെ മുനീറാണ് 2021ൽ കൊടുവള്ളിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖാണ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പാലക്കാട് സ്വതന്ത്രനാകാൻ നിരവധി വ്യവസായ പ്രമുഖരുമായി സി.പി.എം ചർച്ച നടത്തിയിരുന്നു.
ഒടുവിൽ ഹോട്ടൽ വ്യവസായി റസാഖുമായി ധാരണയിലെത്തുകയായിരുന്നു. പാലക്കാട് പി. സരിന്റെ പേരും ഉയർന്നുകേട്ടിരുന്നു. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ സരിനെയാണ് എൽ.ഡി.എഫ് മത്സരിപ്പിച്ചത്. യു.ഡി.എഫിനായി രമേഷ് പിഷാരടിയും എൻ.ഡി.എക്കായി ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്.
