മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തോൽപിച്ച് ഡൽഹി കാപിറ്റൽസ്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിന് തുടർച്ചയായ രണ്ടാം ജയം. മധ്യനിരയിൽ സമീർ റിസ്വി (90) ഒരിക്കൽകൂടി മിന്നിയപ്പോൾ മുംബൈ ഇന്ത്യൻസിനെ ആതിഥേയർ ആറ് വിക്കറ്റിന് തോൽപിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റിന് 162 റൺസാണെടുത്തത്. 18.1 ഓവറിൽ നാല് വിക്കറ്റിന് 164ലെത്തി കാപിറ്റൽസ്. വീണ്ടും അർധശതകം നേടിയ റിസ്വി രണ്ടാം മത്സരത്തിലും കളിയിലെ കേമനായി. 51 പന്തിൽ ഏഴ് വീതം ഫോറും സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. 36 പന്തിൽ 51 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ.
ഓപണർ റയാൻ റിക്കിൾട്ടനും (9) തിലക് വർമയും (0) മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ ഒന്നിടവിട്ട പന്തുകളിൽ വീണതോടെ രണ്ടിന് 18ലേക്ക് പതറിയ ടീമിന്റെ രക്ഷാപ്രവർത്തനം രോഹിത് ശർമയും സൂര്യയും ഏറ്റെടുത്തു. 26 പന്തിൽ 35 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. പത്താം ഓവറിൽ അക്ഷർ പട്ടേലാണ് രോഹിത്തിനെ പറഞ്ഞുവിട്ടത്. ഷെർഫാൻ റഥർഫോഡ് അഞ്ച് റൺസിന് പുറത്തായി. സൂര്യ-നമൻ ധിർ സഖ്യമാണ് സ്കോർ മൂന്നക്കം കടത്തിയത്. മൂന്ന് ഫോറും രണ്ട് സിക്സുമുൾപ്പെട്ട നായകന്റെ ഇന്നിങ്സ് ലുൻഗി എൻഗിഡി എറിഞ്ഞ 16ാം ഓവറിൽ അവസാനിച്ചു. വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു സൂര്യ. 21 പന്തിൽ 28 റൺസെടുത്ത ധിറിനെ ടി. നടരാജൻ മടക്കി. മിച്ചൽ സാന്റ്നർ 13 പന്തിൽ 18ഉം കോർബിൻ ബോഷ് നാല് പന്തിൽ 11ഉം റൺസ് നേടി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിലേ ഡൽഹി ഞെട്ടി. ആദ്യ ഓവറിൽതന്നെ ഓപണർ കെ.എൽ. രാഹുലിനെ (1) ദീപക് ചാഹർ വീഴ്ത്തി. രണ്ടാം ഓവറിൽ നിതീഷ് റാണ (0) റണ്ണൗട്ടായതോടെ രണ്ട് വിക്കറ്റിന് ഏഴ് റൺസ്. ഓപണർ പാതും നിസ്സാങ്ക 30 പന്തിൽ 44 റൺസ് ചേർത്തത് അനുഗ്രഹമായി. കൂടെ റിസ്വിയും കത്തിക്കയറി. പത്താം ഓവറിൽ നിസ്സാങ്കയെ സാന്റർ മടക്കിയയക്കുമ്പോൾ സ്കോർ ബോർഡിൽ 73. തുടർന്ന് ഡേവിഡ് മില്ലറും (18 പന്തിൽ 21 നോട്ടൗട്ട്) റിസ്വിയും ടീമിനെ വിജയതീരത്തേക്ക് നയിച്ചു. 17ാം ഓവറിൽ ബോഷിന് റിസ്വി വിക്കറ്റ് നൽകുമ്പോൾ കാപിറ്റൽസ് ജയമുറപ്പിച്ചിരുന്നു.
