'ഹാപ്പി ബർത്ത്ഡേ തങ്കമേ'; ചാരുവിന് ജന്മദിനാശംസയുമായി സഞ്ജു സാംസൺ

ബംഗളൂരു: ഭാര്യ ചാരുലതയ്ക്ക് ഹൃദ്യമായ ജന്മദിനാശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘ഹാപ്പി ബർത്ത്ഡേ തങ്കമേ…’ എന്ന കുറിപ്പോടെ ചാരുവിനൊപ്പമുള്ള ചിത്രങ്ങളാണ് സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വിഡിയോ ചാരുലതയും പങ്കുവെച്ചിട്ടുണ്ട്.

1995 ഒക്ടോബർ 19ന് ജനിച്ച ചാരുലതയുടെ 31-ാം ജന്മദിനമാണ് ഇന്ന്. ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി യാത്രതിരിക്കുന്നതിനു മുമ്പായിരുന്നു സഞ്ജുവിന്റെ ആഘോഷം.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പഠിക്കുന്ന കാലത്താണ് സഞ്ജുവും ചാരുലതയും പ്രണയത്തിലാകുന്നത്. അന്ന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയനായി വളർന്നുവരികയായിരുന്നു സഞ്ജു. പിന്നീട് ഐ.പി.എല്ലിലും തിളങ്ങിയതോടെ താരത്തിന്റെ ജനപ്രീതി വർധിച്ചു. ഇതോടെ ഇരുവരും തങ്ങളുടെ പ്രണയം ഏറെക്കാലം സ്വകാര്യമായി സൂക്ഷിച്ചു.

2018 ഡിസംബർ 22ന് കോവളത്ത് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സഞ്ജുവിന്റെയും ചാരുലതയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു.

2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സഞ്ജു, 2024ലെ ട്വന്റി20 ലോകകപ്പിനുശേഷമാണ് ദേശീയ ട്വന്റി20 ടീമിൽ സ്ഥിരസാന്നിധ്യമായത്. 2026ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം ടൂർണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് സഞ്ജു.