ഒറ്റ സീസണിന് 1,923 കോടി! വമ്പന്‍ ഓഫറുമായി മെസിക്കു പിന്നാലെ സൗദി ക്ലബ്; പിതാവ് റിയാദില്‍

മെസിയുടെ പിതാവ് സൗദി കായികവൃത്തങ്ങളുമായി ചർച്ച നടത്തുന്ന വിവരം സൗദി മാധ്യമപ്രവർത്തകനാണ് പുറത്തുവിട്ടത്

 

റിയാദ്: ഞെട്ടിപ്പിക്കുന്ന ഓഫറുമായി സൂപ്പർ താരം ലയണൽ മെസിക്കു പിന്നാലെ സൗദി അറേബ്യൻ ക്ലബ്. പി.എസ്.ജിയിൽ കരാർ കാലാവധി തീരാനിരിക്കെയാണ് വമ്പൻ തുകയ്ക്ക് താരത്തെ വലവീശിപ്പിടിക്കാൻ സൗദി ക്ലബ് നീക്കം നടത്തുന്നത്. മെസിയുടെ മാനേജറും പിതാവുമായ ജോർജ് മെസി കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. ക്ലബ് കൂടുമാറ്റത്തിന്റെ ഭാഗമായാണ് ജോർജിന്റെ സൗദിയാത്രയെന്നാണ് സ്പാനിഷ് സ്‌പോർട്‌സ് മാധ്യമമായ ‘മാഴ്‌സ’ റിപ്പോർട്ട് ചെയ്തത്.

റിയാദില്‍ കായികരംഗത്തെ പ്രമുഖരുമായി ജോർജ് മെസി കൂടിക്കാഴ്ച നടത്തുന്ന വാർത്ത സൗദി സ്‌പോർട്‌സ് റിപ്പോർട്ടറായ അഹ്മദ് ഇജ്‌ലാൻ ആണ് പുറത്തുവിട്ടത്. മഹ്ദ് സ്‌പോർട്‌സ് അക്കാദമി തലവനും സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ആൽഫൈസൽ രാജകുമാരന്റെ അടുത്തയാളുമായ പ്രൊഫസർ അബ്ദുല്ല ഹമ്മാദുമായാണ് കഴിഞ്ഞ ദിവസം ജോർജ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കായി ജോർജ് എത്തുന്നതിന്റെ ദൃശ്യങ്ങളും അഹ്മദ് ഇജ്‌ലാൻ പുറത്തുവിട്ടിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്‌റിന്റെ ബദ്ധവൈരികളായ അൽഹിലാലാണ് വമ്പൻ ഓഫർ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് മാഴ്‌സ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒറ്റ സീസണിൽ 220 മില്യൻ യൂറോയാണ്(ഏകദേശം 1,923 കോടി രൂപ) ഹിലാലിന്റെ ഓഫർ. ചർച്ചകളുടെ ഭാഗമായാണ് ജോർജ് റിയാദിലെത്തിയതെന്നാണ് സൂചന. അതേസമയം, സൗദി ടൂറിസം ബ്രാൻഡ് അംബാസഡറാണ് മെസി. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് മെസിയുടെ പിതാവ് എത്തിയതെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ, മറ്റൊരു സൗദി ക്ലബായ അൽഇത്തിഹാദ് മെസിക്കായി ചരടുവലി നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. അൽഹിലാലും ക്രിസ്റ്റിയാനോയുടെ അൽനസ്റുമാണ് വർഷങ്ങളായി സൗദി ലീഗ് ഭരിക്കുന്നത്. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്.

മെസിയുടെ പി.എസ്.ജി കരാർ ഈ വർഷം അവസാനിക്കുകയാണ്. പി.എസ്.ജിയുമായുള്ള കരാർ പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റേതെങ്കിലും ക്ലബിലേക്കു കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുണ്ട്. മുൻ ക്ലബ് ബാഴ്സലോണയിലേക്കു മടങ്ങുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താരത്തിന്റെ ജോർജ് മെസി തള്ളിയിട്ടുണ്ട്. ബാഴ്‌സലോണയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2021ലാണ് ബാഴ്സ വിട്ട് മെസി പി.എസ്.ജിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *