നെടുങ്കയത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
മലപ്പുറം കരുളായി നെടുങ്കയത്ത് കരിമ്പുഴയില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷ റുദ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഫാത്തിമ മുര്‍ഷിന എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
ഇന്ന് സന്ധ്യയ്ക്ക് 6 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അധ്യാപകര്‍ക്കൊപ്പം കുളിയ്ക്കാന്‍ പോയ മൂന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ വനംവകുപ്പിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെടുത്തി. എന്നാല്‍ മറ്റ് രണ്ട് പെണ്‍കുട്ടികളേയും രക്ഷിക്കാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥിനികളെ ഉടന്‍ തന്നെ നിലമ്പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആയിഷയും ഫാത്തിമയും മരണപ്പെടുകയായിരുന്നു.
ഇത് അപകടം നിറഞ്ഞ പ്രദേശമാണെന്ന് സംഘത്തിന് നെടുങ്കയത്തെ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. കുളിയ്ക്കുന്നതിനിടെ കുട്ടികള്‍ ചുഴിയില്‍ അകപ്പെട്ടതാണ് ദാരുണസംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുന്‍പും ഈ നദിയില്‍ എട്ടോളം പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.