‘വുദു ഖാനയിലെ വെള്ളം വറ്റിക്കണമെന്ന് എസ്ഡിഎം വാശി പിടിച്ചു’; സംഭൽ വെടിവെപ്പ് ആസൂത്രിതമെന്ന് മസ്ജിദ് കമ്മിറ്റി സെക്രട്ടറി

'SDM insisted on draining the water in the ablution room'; Mosque Committee Secretary says the firing was planned

 

ലഖ്‌നോ: സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ അസാധാരണ ഇടപെടലെന്ന് മസ്ജിദ് കമ്മിറ്റി ചെയർമാൻ സഫർ അലി. കോടതി ഉത്തരവ് പ്രകാരമല്ല, സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) നിർദേശപ്രകാരമാണ് സർവേ നടന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്ഡിഎം വന്ദന മിശ്രയും പൊലീസ് സർക്കിൾ ഓഫീസർ അനുജ് കുമാറുമാണ് എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദിയെന്നും സഫർ അലി പറഞ്ഞു.

”വുദു ഖാനയിലെ വെള്ളം വറ്റിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വെള്ളം വറ്റിച്ചതോടെ നോട്ടീസ് നൽകാതെ പള്ളിയിൽ ഖനനം തുടങ്ങുകയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു. വടി ഉപയോഗിച്ച് ആഴം അളന്നാൽ മതിയെന്ന് എസ്പിയും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും പറഞ്ഞെങ്കിലും വെള്ളം വറ്റിക്കണമെന്ന് എസ്ഡിഎം വാശിപിടിക്കുകയായിരുന്നു. ജനങ്ങൾ സംഘടിച്ചതോടെ ഖനനം നടക്കുന്നില്ലെന്ന് തങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്തു. എല്ലാത്തിനും ഉത്തരവാദികൾ എസ്ഡിഎമ്മും സർക്കിൾ ഓഫീസറുമാണ്.

എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾ സർക്കിൾ ഓഫീസറോട് ചോദിച്ചപ്പോൾ അദ്ദേഹം അവരെ അധിക്ഷേപിക്കുകയും ലാത്തിച്ചാർജിന് ഉത്തരവിടുകയുമായിരുന്നു. ചോദ്യം ചോദിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. എസ്ഡിഎമ്മും സിഒയും ചേർന്ന് അന്തരീക്ഷം വഷളാക്കുകയായിരുന്നു. ഖനനം നടക്കുന്നുവെന്ന് കരുതി പ്രകോപിതരായ ആളുകളോട് കാര്യങ്ങൾ വിശദീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. സമാധാനം പാലിക്കണമെന്നും എല്ലാവരും ശാന്തരായി വീടുകളിലേക്ക് മടങ്ങണമെന്നും ഞാൻ വിളിച്ചുപറഞ്ഞു. ആളുകളെ നിയന്ത്രിക്കാൻ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും എന്നോട് ആവശ്യപ്പെട്ടു. ഉടൻ വെടിവെക്കാൻ ഉത്തരവിടണമെന്ന് ഡിഐജിയും എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും ചർച്ച ചെയ്യുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു.

വീടുകളിലേക്ക് മടങ്ങണമെന്ന അഭ്യർഥന മാനിച്ച് 75 ശതമാനം ആളുകളും മടങ്ങിപ്പോയി. പൊലീസിന് വെടിവെക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും ഞാൻ ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിൽനിന്ന് വെടിവെപ്പുണ്ടായി എന്ന പൊലീസിന്റെ വാദം തെറ്റാണ്. പൊലീസ് വെടിയുതിർക്കുന്നത് ഞാൻ കണ്ടതാണ്. എന്റെ മുന്നിൽവെച്ചാണ് പൊലീസ് വെടിവെച്ചത്. ജനങ്ങൾ വെടിവെക്കുന്നത് ഞാൻ കണ്ടിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. ആരാണ് കുറ്റം ചെയ്തത് എന്നതിന് ഒരു തെളിവുമില്ല. ഒരു എംഎൽഎയും എംപിയും ഞങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാകുന്നില്ല. പൊലീസിന്റെ കയ്യിലും നാടൻ തോക്കുകൾ ഉണ്ടായിരുന്നു”- സഫർ അലി പറഞ്ഞു.

വാർത്താസമ്മേളനത്തിന് പിന്നാലെ സഫർ അലിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. സർവേക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്. സമാജ് വാദി പാർട്ടി എംപി സിയാഉ റഹ്‌മാൻ ബർഖ്, മുതിർന്ന നേതാവായ ഇഖ്ബാൽ മഹ്‌മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാൽ എന്നിവരുൾപ്പെടെ 400 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അഞ്ചുപേരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ പരിക്കേറ്റ അയാൻ, മുഹമ്മദ് കൈഫ് എന്നിവരാണ് ഇന്നലെ മരിച്ചത്. കൈഫിന് 17 വയസാണ് പ്രായം. നഈം (28), മുഹമ്മദ് ബിലാൽ അൻസാരി (25), നുഅ്മാൻ എന്നിവർ ഞായറാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *