സീറ്റ് വിഭജനം: വടംവലി തുടർന്ന് കോൺഗ്രസും ജോസഫും
കോട്ടയം: സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കി ഇടതുമുന്നണി തെരഞ്ഞെടുപ്പിലേക്കു കുതിക്കവെ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം നേതാക്കൾ പുതുയുഗ യാത്രയുടെ തിരക്കിലായതിനാലാണ് സീറ്റ് വിഭജനമടക്കം വൈകിയതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വരാത്തതിനാൽ ഇത് പ്രശ്നമല്ലെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം. പുതുയുഗ യാത്ര ശനിയാഴ്ച സമാപിക്കുന്നതോടെ ഏതാണ്ട് സീറ്റ് ധാരണയാകുമെന്നാണു പ്രതീക്ഷയെങ്കിലും ചില സീറ്റുകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി വടംവലി തുടരുകയാണ്. മുസ്ലിം ലീഗും കോൺഗ്രസും ചില സീറ്റുകൾ വെച്ചുമാറുന്നതിലും അന്തിമ തീരുമാനം ആയിട്ടില്ല. ജയസാധ്യതയുടെ പേരിൽ കോൺഗ്രസ് നോട്ടമിടുന്ന സീറ്റുകൾ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് ഇനിയും തയാറായിട്ടില്ല. മന്ത്രി വി.എൻ വാസവൻ വീണ്ടും ജനവിധി തേടുന്ന ഏറ്റുമാനൂരും കാൽ നൂറ്റാണ്ടായി മന്ത്രി റോഷി അഗസ്റ്റിന്റെ പിടിയിലുള്ള ഇടുക്കിയുമാണ് ഇതിൽ പ്രധാനം. കുട്ടനാട്, ചങ്ങനാശ്ശേരി, കോതമംഗലം സീറ്റുകളിലും കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്.
ഏതെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാലും പകരം സീറ്റ് വേണമെന്ന ആവശ്യത്തിലാണു ജോസഫ്. പൂഞ്ഞാറിൽ കോൺഗ്രസിനേക്കാൾ ജയസാധ്യത തങ്ങൾക്കാണെന്ന അഭിപ്രായം അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും പാർട്ടി വർക്കിങ് ചെയർമാനുമായ പി.സി തോമസിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ നീക്കം.
